അരൂരിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന് ചേരും

By Web TeamFirst Published Sep 25, 2019, 7:22 AM IST
Highlights

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനു സി പുളിക്കൽ, മത്സ്യഫെ‍ഡ് ചെയർമാൻ പി പി ചിത്തര‍ജ്‍ഞൻ എന്നിവരുടെ സാധ്യതകൾ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചർച്ച ചെയ്യും. 

ആലപ്പുഴ: അരൂരിലെ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരും. വിജയസാധ്യതയും സാമുദായിക സമവാക്യങ്ങളും നോക്കി സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുകയെന്ന വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിലുള്ളത്. അതിനിടെ, സ്ഥാനാർഥി നിർണയത്തിനായി ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ചേർത്തലയിൽ ചേരും.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനു സി പുളിക്കൽ, മത്സ്യഫെ‍ഡ് ചെയർമാൻ പി പി ചിത്തര‍ജ്‍ഞൻ എന്നിവരുടെ സാധ്യതകൾ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചർച്ച ചെയ്യും. അരൂരുകാരൻ, മുതിർന്ന നേതാവ് തുടങ്ങി, സാമുദായിക ഘടകങ്ങൾ വരെ ചന്ദ്രബാബുവിന് അനുകൂലമാണ്. എസ്എൻഡിപി അല്ലെങ്കിലും ഭൂരിപക്ഷ സമുദായക്കാരനെ എൽഡിഎഫ് ഇറക്കിയാൽ അംഗീകരിക്കുമെന്ന വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് ചിത്തര‍ഞ്ജനും അനുകൂലമാണ്. എന്നാൽ സാമുദായിക പരിഗണനയ്ക്ക് അപ്പുറം യുവനേതാവ് വരട്ടെയെന്ന് ജില്ലയിലെ ചില നേതാക്കൾ തുടക്കംമുതൽ നിലപാടെടുത്തിരുന്നു. അവിടെയാണ് മനു സി പുളിക്കലിന് സാധ്യത.

ഉപതെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലെങ്കിലും വനിതാ സ്ഥാനാർത്ഥി വേണം സിപിഎം തീരുമാനിച്ചാൽ, അത് അരൂരിലായിരിക്കും. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും ചേർത്തല സ്വദേശിയുമായ എസ് ആഷിതയുടെ പേര് സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. കീഴ്ഘടകങ്ങളുടെ അഭിപ്രായം കേൾക്കാൻ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം അരൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേരുന്നുണ്ട്. അതിനിടെ, ചേർത്തലയിൽ നടക്കുന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിലിൽ, അരൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ തീരുമാനിച്ചേക്കും. കഴിഞ്ഞ തവണ മത്സരിച്ച ടി. അനിയപ്പന്‍റെ പേരിനാണ് പാർട്ടിയിൽ മുൻതൂക്കം.

click me!