തെരഞ്ഞെടുപ്പ് ഗോദയിൽ ബബിത ഫോഗട്ടും, യോഗേശ്വർ ദത്തും; ഹരിയാന തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ബിജെപി സ്ഥാനാർത്ഥികൾ

By Web TeamFirst Published Sep 30, 2019, 5:43 PM IST
Highlights

കഴിഞ്ഞ തവണ 47 സീറ്റുമായി അധികാരത്തിലെത്തിയ ബിജെപി ഇത്തവണ ഹരിയാനയിൽ ലക്ഷ്യമിടുന്നത് 75ലധികം സീറ്റുകളാണ്, ബബിത ഫോഗട്ടിനും യോഗേശ്വർ ദത്തിനും പുറമേ മുൻ ഹോക്കി നായകൻ സന്ദീപ് സിംഗും ബിജെപി പട്ടികയിലുണ്ട്.

ദില്ലി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്ത് വിട്ടു. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, യോഗേശ്വർ ദത്ത്, മുൻ ഹോക്കി ടീം നായകൻ സന്ദീപ് സിംഗ് എന്നിങ്ങനെ വൻ താരനിര അടങ്ങിയ ആദ്യ പട്ടികയിൽ 78 പേരാണ് ഉള്ളത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കഴിഞ്ഞ തവണ വിജയിച്ച കർണാൽ സീറ്റിൽ നിന്ന് തന്നെ വീണ്ടും ജനവിധി തേടും. 

ബിജെപി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാല തോഹാന മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ധനമന്ത്രി ക്യാപ്റ്റൻ അഭിമന്യു നർനൗദിൽ നിന്ന് മത്സരിക്കും. ദാദ്രിയിൽ നിന്നാണ് ബബിത ഫോഗട്ട് തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. യോഗേശ്വർ ദത്ത് ബറോഡയിൽ നിന്ന് മത്സരിക്കും. പെഹോവയിൽ നിന്നാണ് മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സന്ദീപ് സിംഗ് മത്സരിക്കുന്നത്. 

75ലധികം സീറ്റുകൾ നേടണമെന്നാണ് ഭരണത്തുടര്‍ച്ചയ്ക്ക് വോട്ടു ചോദിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടറിന് മുന്നില്‍ കേന്ദ്ര നേതൃത്വം വച്ചിരിക്കുന്ന ലക്ഷ്യം. ഒരുമാസം മുമ്പേ തന്നെ ബിജെപി ഇത് ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങിയിരുന്നു. മിഷന്‍ 75 മുദ്രാവാക്യവുമായി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുമായാണ് 90 അംഗ ഹരിയാന നിയമസഭയിൽ ബിജെപി അധികാരത്തിലെത്തിയത്. ലോക്സഭയിലേക്ക് 58 ശതമാനം വോട്ടോടെ പത്തില്‍ പത്ത് സീറ്റും നേടാനായത് ബിജെപി ക്യാംപിന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.  2014-ൽ മനോഹര്‍ ലാൽ ഖട്ടാറിനെ മുഖ്യമന്ത്രിയാക്കിയുള്ള ബിജെപി നീക്കം ഭരണതലത്തിലെ ജാട്ട് ആധിപത്യം തകര്‍ക്കുന്നതായിരുന്നു. ഇത്തവണയും അതേ തന്ത്രം തന്നെയാണ് പാര്‍ട്ടി പയറ്റുന്നത്. 

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെയുള്ള ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് കോണ്‍ഗ്രസ്. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് ഉൾപ്പടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആയുധം. രണ്ട് വട്ടം മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദര്‍ സിംഗ് ഹൂഡ തന്നെയാണ് ഇക്കുറിയും കോണ്‍ഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തെ 46 ശതമാനത്തോളം വരുന്ന ദലിത്, ജാട്ട് വോട്ടുകളിൽ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നു. ദലിത് നേതാവ് കുമാരി ഷെല്‍ജയെ പിസിസി അധ്യക്ഷയാക്കിയതും ഈ ഉന്നത്തോടെയാണ്. 

സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ആം ആദ്മി പാര്‍ട്ടിയും ജെജെപിയും ബിഎസ്പിയും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷം നല്‍കുന്ന ആനുകൂല്യം മുതലെടുക്കാനുള്ള കരുനീക്കങ്ങള്‍ ബിജെപി ശക്തമാക്കുന്നതോടെ പ്രതിപക്ഷത്തിന് ഹരിയാനയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. 

click me!