'തെറ്റ്‌ പറ്റിപ്പോയി,ക്ഷമിക്കണം'; തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങിയതില്‍ മാപ്പ്‌ ചോദിച്ച്‌ സിനിമാതാരം

By Web TeamFirst Published Apr 18, 2019, 6:36 PM IST
Highlights

റായിഗഞ്ചിലെ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി കഹായിലാല്‍ അഗര്‍വാളിന്‌ വേണ്ടിയാണ്‌ ഫിര്‍ദോസ്‌ അഹമ്മദ്‌ കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയത്‌.

ധാക്ക: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിക്ക്‌ വേണ്ടി പ്രചാരണത്തിനിറങ്ങിയതില്‍ ക്ഷമ ചോദിക്കുന്നെന്ന്‌ ബംഗ്‌ളാദേശ്‌ സിനിമാ താരം ഫിര്‍ദോസ്‌ അഹമ്മദ്‌. വിസാനിയമം ലംഘിച്ചെന്നാരോപിച്ച്‌ ഇന്ത്യയില്‍ നിന്ന്‌ ഫിര്‍ദോസിനെ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു.

റായിഗഞ്ചിലെ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി കഹായിലാല്‍ അഗര്‍വാളിന്‌ വേണ്ടിയാണ്‌ ഫിര്‍ദോസ്‌ അഹമ്മദ്‌ കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയത്‌. ബിസിനസ്‌ വിസയില്‍ ഇന്ത്യയിലെത്തിയ അദ്ദേഹം ചട്ടം ലംഘിച്ചാണ്‌ പ്രചാരണം നടത്തിയത്‌ എന്നാരോപിച്ച്‌ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതിയും നല്‍കി. തുടര്‍ന്നാണ്‌ രാജ്യം വിട്ടുപോകാന്‍ ഫിര്‍ദോസിനോട്‌ ഇന്ത്യ നിര്‍ദേശിച്ചത്‌. ബിസിനസ്‌ വിസ റദ്ദാക്കുകയും അദ്ദേഹത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

"അത്‌ അശ്രദ്ധ മൂലം വരുത്തിവച്ച ഒരു തെറ്റാണ്‌. എല്ലാവരും എന്നോട്‌ ക്ഷമിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. മറ്റൊരു രാജ്യത്തെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ഞാന്‍ ഭാഗമാകാന്‍ പാടില്ലായിരുന്നു." ബംഗ്‌ളാദേശിലെത്തിയ ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കവേ ഫിര്‍ദോസ്‌ അഹമ്മദ്‌ പറഞ്ഞു. ബംഗാളി താരങ്ങളോടൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തപ്പോള്‍ ജനങ്ങള്‍ക്ക്‌ തന്നോടുള്ള സ്‌നേഹം മനസ്സിലാക്കാനായെന്നും ഫിര്‍ദോസ്‌ അഭിപ്രായപ്പെട്ടു.

മികച്ച നടനുള്ള ബംഗ്ലാദേശ്‌ ദേശീയ പുരസ്‌കാരം നാല്‌ തവണ നേടിയിട്ടുള്ള ഫിര്‍ദോസ്‌ അഹമ്മദ്‌ ബംഗാളി സിനിമകളിലൂടെ ഇന്ത്യക്കാര്‍ക്കും പരിചിതനാണ്‌.

click me!