സമദൂരം വിട്ട് നവീന്‍ പട്നായിക്, മുന്നണി കാര്യത്തില്‍ പ്രത്യക പരിഗണന മാത്രം വിഷയമെന്ന് ബിജെഡി

By Web TeamFirst Published May 18, 2019, 7:05 PM IST
Highlights

ഏത് മുന്നണിയാണോ സംസ്ഥാനത്തിന്‍റെ ആവശ്യം നിറവേറ്റുമെന്ന ഉറപ്പ് തരുന്നത് അവരെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്‍റും സംസ്ഥാന മന്ത്രിയുമായ എസ്എന്‍ പാട്രോ വ്യക്തമാക്കി. 

ഭുവനേശ്വര്‍: ബിജെപിയോടും കോണ്‍ഗ്രസിനോടും സമദൂര നയം സ്വീകരിച്ചു വരികയായിരുന്ന ഒഡീഷയിലെ നവീന്‍ പട്നായികിന്‍റെ ബിജു ജനതാദള്‍ നിലപാട് മാറ്റത്തിന് ഒരുങ്ങുന്നു. ഒഡിഷയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കുന്ന മുന്നണിയെ ദേശീയ രാഷ്ട്രീയത്തില്‍ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രത്യേക പദവിയെന്ന ആവശ്യം നേരത്തെയും നവീന്‍ പട്നായിക്കും ബിജെഡിയും ആവശ്യപ്പെടുന്നതാണ്.

ഏത് മുന്നണിയാണോ സംസ്ഥാനത്തിന്‍റെ ഈ ആവശ്യം നിറവേറ്റുമെന്ന ഉറപ്പ് തരുന്നത് അവരെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്‍റും സംസ്ഥാന മന്ത്രിയുമായ എസ് എന്‍ പാട്രോ വ്യക്തമാക്കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ രാഷ്ട്രീയത്തിലും സര്‍ക്കാര്‍ രൂപീകരണത്തിലും ബിജെഡി പ്രധാന കക്ഷിയാകുമെന്നും പാട്രോ കൂട്ടിച്ചേര്‍ത്തു. നേരത്തെ എന്‍ഡിഎ മുന്നണിയില്‍ അംഗമായിരുന്ന ബിജെഡി 2009ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്നാണ് മുന്നണി വിട്ടത്.

കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കുന്നതില്‍ നിര്‍ണായകമാകുമെന്ന കരുതുന്ന ബിജു ജനതാദളിനെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും. തങ്ങള്‍ക്കൊപ്പം ചേരണമെന്ന ആവശ്യവുമായി മുന്നണികള്‍ നവീന്‍ പട്നായിക്കിനെ സമീപിച്ചിച്ചുണ്ട്. കഴിഞ്ഞ ദിവസം ഫാനി കൊടുങ്കാറ്റ് നാശം വിതച്ചപ്പോള്‍ നവീന്‍ പട്നായിക് എടുത്ത മുന്‍കരുതലുകളെ അഭിനന്ദിച്ച് നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ഒഡീഷയ്ക്ക് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്. 

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മേയ് 23 ന് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷമാവും നവീന്‍ പട്നായിക് തീരുമാനം എടുക്കുകയെന്നാണ് വിലയിരുത്തല്‍.  പ്രാദേശിക കക്ഷിനേതാക്കളില്‍ നവീന്‍ പട്നായിക്കിന്‍റെയും കെ ചന്ദ്രശേഖര റാവുവിന്‍റെയും  നിലപാടുകളെ കോണ്‍ഗ്രസ് ഉറ്റു നോക്കുകയാണ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!