കമല്‍ഹാസന്‍റെ 'ഗോഡ്സെ-തീവ്രവാദി' പരമാര്‍ശം; പരാതിയുമായി ബിജെപി

By Web TeamFirst Published May 13, 2019, 3:30 PM IST
Highlights

കമല്‍ഹാസന്‍റെ പരമാര്‍ശം വലിയ തോതില്‍ ചര്‍ച്ചയായതോടെ വലിയ രാഷ്ട്രീയപ്പോരിനാണ് തുടക്കമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിയെ വധിച്ച ഹിന്ദുവായ നാഥൂറാം ഗോഡ്സെ ആണെന്നുള്ള മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍റെ പ്രസ്താവനത്തിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. കമല്‍ഹാസന്‍റെ പരമാര്‍ശം വലിയ തോതില്‍ ചര്‍ച്ചയായതോടെ വലിയ രാഷ്ട്രീയപ്പോരിനാണ് തുടക്കമായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.

കമല്‍ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സെെ സൗന്ദര്‍രാജന്‍ ആവശ്യപ്പെട്ടു. വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ രാജ്യം വിടുമെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ യഥാര്‍ഥ ഇന്ത്യക്കാരനാണെന്ന് പറയുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് കമല്‍ഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ബിജെപി ഉന്നയിക്കുന്നുണ്ട്.  'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' കമല്‍ഹാസന്‍ പറഞ്ഞത്.

ഇവിടെ മുസ്ലിങ്ങള്‍ കൂടുതലുള്ള പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്‍റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
 

click me!