75 പ്ലസ് ലക്ഷ്യമിട്ട് ബിജെപി, ഉൾപാർട്ടി പ്രശ്നങ്ങളിൽ കുരുങ്ങി കോൺഗ്രസ്; ഹരിയാനയിൽ കനത്ത പോരാട്ടം

By Web TeamFirst Published Sep 22, 2019, 7:34 PM IST
Highlights

75ലധികം സീറ്റുകൾ നേടണമെന്നാണ് ഭരണത്തുടര്‍ച്ചയ്ക്ക് വോട്ടു ചോദിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടറിന് മുന്നില്‍ ബിജെപി കേന്ദ്ര നേതൃത്വം വച്ചിരിക്കുന്ന ലക്ഷ്യം. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകൾക്കൊപ്പം ഭിന്നതയും തലപൊക്കിയിരിക്കുകയാണ്.

റോത്തക്ക്: ഹരിയാനയില്‍ വന്‍ വിജയം നേടുമെന്ന അഭിപ്രായ സര്‍വ്വെയുടെ ആത്മവിശ്വാസത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങി. പ്രധാനമന്ത്രി വിദേശ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയശേഷം പട്ടിക പുറത്തിറക്കും. അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഭുപീന്ദർ സിങ്ങ് ഹൂഡയുടെ ഏകപക്ഷീയ നിലപാടുകളില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്.

75ലധികം സീറ്റുകൾ നേടണമെന്നാണ് ഭരണത്തുടര്‍ച്ചയ്ക്ക് വോട്ടു ചോദിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടറിന് മുന്നില്‍ കേന്ദ്ര നേതൃത്വം വച്ചിരിക്കുന്ന ലക്ഷ്യം. ഒരുമാസം മുമ്പേ പ്രചരണം തുടങ്ങിയ ബിജെപി, സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുള്ള ചര്‍ച്ചകളിലേക്ക് കടന്നു. ഇന്നലെ പുറത്തുവന്ന എബിപി അഭിപ്രായ സര്‍വ്വെ ബിജെപിക്ക് വൻ പ്രതീക്ഷ നല്‍കുന്നു. 78 സീറ്റുകൾ നേടി ഖട്ടർ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയശേഷം സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. 

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകൾക്കൊപ്പം ഭിന്നതയും തലപൊക്കിയിരിക്കുകയാണ്. ഭുപീന്ദര്‍ സിങ്ങ് ഹൂഡ ഏകപക്ഷീയമായി മുന്നോട്ട് പോകുന്നുവെന്നാണ് പരാതി. മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വര്‍, കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദ്വീപ് സിങ് സുര്‍ജെവാല, മാനിഫെസ്റ്റോ കമ്മിറ്റി അദ്ധ്യക്ഷ കിരണ്‍ ചൗധരി എന്നിവരാണ് എതിര്‍ ചേരിയിലുള്ളത്. പുതിയ പിസിസി അധ്യക്ഷ കുമാരി ഷെല്‍ജയ്ക്കും പാര്‍ട്ടിയുടെ നിയന്ത്രണം കൈയ്യിലെടുക്കാനായിട്ടില്ല. പ്രചരണത്തില്‍ ബഹുദൂരം മുന്നോട്ട് പോയ ബിജെപിയോട് ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയാവുമോ എന്ന ഭയവും കോൺഗ്രസ് നേതാക്കള്‍ക്കുണ്ട്.

click me!