'പേരില്‍ നിന്ന് സീതാറാം മാറ്റണം': യെച്ചൂരിക്കെതിരെ ശിവസേന, ബിജെപി നേതാക്കള്‍

By Web TeamFirst Published May 4, 2019, 8:12 AM IST
Highlights

സീതാറാം യെച്ചൂരി ഭോപ്പാലിൽ പ്രഗ്യാസിങ്ങിന്‍റെ അവകാശവാദത്തിനെതിരെ നടത്തിയ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം

ദില്ലി: ഹിന്ദുക്കള്‍ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്ന ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങിന്‍റെ വാദത്തിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ മറുപടിയെ ചൊല്ലി രാഷ്ട്രീയ വിവാദം. രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെ ബിജെപിയും ശിവസേനയും യെച്ചൂരിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നു.

സീതാറാം യെച്ചൂരി ഭോപ്പാലിൽ പ്രഗ്യാസിങ്ങിന്‍റെ അവകാശവാദത്തിനെതിരെ നടത്തിയ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം. ''നിരവധി രാജാക്കൻമാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്'' - യെച്ചൂരി ചോദിച്ചു. 

ഹിന്ദുത്വ ആശയത്തിന്‍റെ പേരിലാണ് എല്ലാ സ്വകാര്യസേനയും രൂപീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി ഹിന്ദുത്വ അജണ്ടയിലേയ്ക്ക് മാറി. പ്രഗ്യാ സിങ്ങ് ഠാക്കൂറിനെ സ്ഥാനാര്‍ഥിയാക്കിയതും ഹിന്ദുത്വ വികാരം ഉണര്‍ത്താനാണെന്ന് വിമര്‍ശിച്ച യെച്ചൂരി ഭോപ്പാലിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിങ്ങിന് വോട്ടു ചെയ്യാനും അഭ്യര്‍ഥിച്ചു. 

സീതാറാം എന്ന പേര് മര്‍ലേനി എന്നാക്കണമെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. പേരിൽ നിന്ന് സീതാറാം മാറ്റണെന്നാവശ്യപ്പെട്ട ശിവേസന , എല്ലായ്പ്പോഴും ഹിന്ദുക്കളെ ആക്രമിക്കുന്നതാണ് യെച്ചൂരിയുടെ പ്രത്യയശാസ്ത്രമെന്നും വിമര്‍ശിച്ചു
 

click me!