കള്ളവോട്ട് ചോദ്യം ചെയ്തു; ബിജെപി ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ അക്രമിച്ചതായി പരാതി

By Web TeamFirst Published Apr 23, 2019, 7:03 PM IST
Highlights

പരിക്കേറ്റ പുറമറ്റം പുത്തൻപറമ്പിൽ മനു സോമനാഥനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി പി എം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് ബി ജെപി.

പത്തനംതിട്ട: മല്ലപള്ളി പുറമറ്റത്ത് ബി ജെ പി ബൂത്ത് ഏജന്‍റിനെ സി പി എം പ്രവർത്തകർ അക്രമിച്ചതായി പരാതി. പരിക്കേറ്റ പുറമറ്റം പുത്തൻപറമ്പിൽ മനു സോമനാഥനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി പി എം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ബൂത്ത് ഏജന്‍റായിരുന്ന മനു തടഞ്ഞതാണ് അക്രമത്തിനു കാരണമെന്ന് ബി ജെപി ആരോപിച്ചു.

കാസര്‍ഗോട് ഉദുമയിലും സമാനമായ സംഭവം നടന്നു. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബിജെപി ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണം. കാസര്‍ഗോട് ഉദുമ നിയോജക മണ്ഡലത്തിലെ 132-ാം ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബിജെപി ബൂത്ത് ഏജന്റിന് മര്‍ദനമേറ്റതെന്നാണ് പരാതി.

ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്‍ പദ്മകുമാറിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് ആരോപണം. കള്ളവോട്ട് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് ബൂത്ത് ഏജന്റായ സന്ദീപിനെ മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ജില്ലാ കളക്ടര്‍ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കി.

അതേസമയം കാസർകോട് തെക്കിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകൻ ജലീലിനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.

click me!