കർണാടകത്തിലെ 21 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

By Web TeamFirst Published Mar 21, 2019, 8:25 PM IST
Highlights

ബംഗളൂരും സൗത്തും മാണ്ഡ്യയുമടക്കം  ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഒഴിച്ചിട്ടാണ് സ്ഥാനാർത്ഥി പട്ടിക ദില്ലിയിൽ പ്രഖ്യാപിച്ചത്. 

ദില്ലി: കർണ്ണാടകയിലെ 21 ലോകസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. പതിനഞ്ച് സിറ്റിംഗ് എംപിമാരെ നിലനി‍‌ർത്തിക്കൊണ്ടുള്ളതാണ് സ്ഥാനാർത്ഥി പട്ടിക. ബംഗളൂരു സൗത്ത്, മാണ്ഡ്യ, ബംഗളൂരു റൂറൽ എന്നീ പ്രധാന മണ്ഡലങ്ങളിലെയടക്കം ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഡ്ഗെ ഉത്തർ കന്നഡ മണ്ഡലത്തിൽ നിന്നും സദാനന്ദ ഗൗ‍ഡ ബംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നും ജനവിധി തേടും, ബി എസ് യെദിയൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര ഷിമോഗയിൽ നിന്നും പ്രതാപ് സിൻഹ മൈസൂരുവിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. തുംകൂരുവിൽ നിന്ന് ജി എസ് ബസവരാജുവും ബെല്ലാരിയിൽ നിന്ന് ദേവേന്ദ്രപ്പ മത്സരിക്കും.

സിറ്റിംഗ് എംപിമാരിൽ കൊപ്പലിൽ നിന്നുള്ള കാരഡി സങ്കണ്ണക്ക് മാത്രമാണ് സീറ്റ് നൽകാതിരുന്നിട്ടുള്ളത്. ഏറെ ചർച്ച ചെയ്യപ്പെട്ട തീരദേശ മണ്ഡലങ്ങളിൽ ദക്ഷിണ കന്നഡയിൽ നിന്നും നളിൻ കുമാർ കട്ടീലും , ഉഡുപ്പി - ചിക്കമംഗളൂരുവിൽ നിന്ന് ശോഭ കരന്തലജെയും ജനവിധി തേടും. ശോഭ കരന്തലജെയ്ക്ക് ഇത്തവണ സീറ്റ് നൽകില്ല എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടിക്കകത്ത് നിന്ന് തന്നെ ഒരു വിഭാഗം ശക്തമായി ശോഭക്കെതിരെ രംഗത്തെത്തിയിരുന്നുവെങ്കിലും ദേശീയ നേതൃത്വം ശോഭയിൽ വിശ്വാസമർപ്പിച്ചുവെന്ന് വേണം മനസ്സിലാക്കാൻ.

അംബരീഷിന്‍റെ ഭാര്യ സുമലത റിബലായി മത്സരിക്കുന്ന മാണ്ഡ്യയിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നത്  ശ്രദ്ധേയമാണ്. ബിജെപി സുമലതയെ പിന്തുണയ്ക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ കോണ്‍ഗ്രസ് - ദള്‍ സ്ഥാനാര്‍ത്ഥി. ബിജെപിയിലേക്ക് പോകില്ല എന്ന് സുമലത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

click me!