ബിജെപി കോർ കമ്മിറ്റി ഇന്ന്: തുഷാര്‍ മത്സരിച്ചാല്‍ സുരേന്ദ്രന് തൃശ്ശൂര്‍ സീറ്റില്ല

By Asianet MalayalamFirst Published Mar 11, 2019, 7:28 AM IST
Highlights

പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളക്കൊപ്പം പന്തളം രാജകുടുംബാംഗം ശശികുമാരവർമ്മയെ വീണ്ടും പരിഗണിക്കുന്നതായി വിവരമുണ്ട്. 

തിരുവനന്തപുരം: സ്ഥാനാർത്ഥിപട്ടികക്ക് അന്തിമരൂപം നൽകാനായി ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. അതിനിടെ ബിജെപി അധ്യക്ഷൻ അമിത് ഷായെ കാണാൻ തുഷാർ വെള്ളാപ്പള്ളി ഇന്ന് ദില്ലിയിൽ എത്തും. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിലും തീരുമാനമുണ്ടായേക്കും.

തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ വൈകാതെ സ്ഥാനാർത്ഥികളെ ഇറക്കാനാണ് ബിജെപി ശ്രമം. പലതരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസുമാണ് ഇതിനകം ഉറപ്പിച്ച സ്ഥാനാർത്ഥികൾ. പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളക്കൊപ്പം പന്തളം രാജകുടുംബാംഗം ശശികുമാരവർമ്മയെ വീണ്ടും പരിഗണിക്കുന്നതായി വിവരമുണ്ട്. 

സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നതിൽ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ദില്ലിയിലെത്തിയ തുഷാർ വെള്ളാപ്പള്ളി  ഇന്ന് അമിത്ഷായുമായി നടത്തുന്ന ചർച്ചക്ക് ബിജെപി പട്ടികയുമായി ബന്ധമുണ്ട്. തുഷാർ മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം അമിത്ഷായെ കാണുന്നത്. 

തുഷാർ മത്സരിത്തിനിറങ്ങുന്ന പക്ഷം തൃശൂർ ബിഡിജെഎസിന് നൽകേണ്ട സാഹചര്യമുണ്ട്. അങ്ങനെയങ്കിൽ തൃശൂരിൽ താല്പര്യമുള്ള കെ.സുരേന്ദ്രന് പുതിയ സീറ്റ് കണ്ടെത്തേണ്ടിവരും. പാലക്കാട് ശോഭാ സുരേന്ദ്രൻ, കാസർക്കോട് പികെ കൃഷ്ണദാസ്, കോഴിക്കോട് എംടി രമേശ് കണ്ണൂരിൽ സികെപത്മനാഭൻ എന്നിവർക്കാണ് കൂടുതൽ സാധ്യത. ആലപ്പുഴയിൽ പി.എസ്.സി മുൻ ചെയർമാൻ കെഎസ് രാധാകൃഷ്ണനെയും കൊല്ലത്ത് ആനന്ദബോസിനെയും പരിഗണിക്കുന്നുണ്ട്. ഒരു സീറ്റിൽ  ഒന്നിലധികം പേരുള്ള പട്ടികയാകും തയ്യാറാക്കുക. കോർ കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയിൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാകും പ്രഖ്യാപിക്കുക.
 

click me!