
ദില്ലി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെപ്പോലെ സുരക്ഷാ ജീവനക്കാരാല്‍ താനും കൊല്ലപ്പെട്ടേക്കാമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപി രംഗത്ത്. വിവാദ പ്രസ്‌താവനയില്‍ കെജ്രിവാള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന പൊലീസ് സുരക്ഷ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കെജ്രിവാളിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ് ബിജെപി. "മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ജീവനക്കാര്‍ ഈ പ്രസ്‌താവനയോടെ കടുത്ത മാനസികസംഘര്‍ഷമാകും അനുഭവിക്കുന്നത്. എല്ലാ സുരക്ഷാജീവനക്കാര്‍ക്കും കൗണ്‍സലിംഗ് നല്‍കണം." ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ ആവശ്യപ്പെട്ടു.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരക്ഷാജീവനക്കാരെ ഉപയോഗിച്ച് ബിജെപി തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് ഭയമുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞത്.