എല്ലാം വൈകി, പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയും ഇല്ല, മുരളീധരപക്ഷത്തിന് കടുത്ത അതൃപ്തി

By Web TeamFirst Published Mar 22, 2019, 9:09 AM IST
Highlights

പ്രഖ്യാപനം വൈകുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് മുരളീധര പക്ഷം പറയുന്നത്. കെ സുരേന്ദ്രൻ പത്തനംതിട്ടയിലാണുള്ളത്. പ്രഖ്യാപനം വരാതെ സുരേന്ദ്രനും മിണ്ടുന്നില്ല. 
 

തിരുവനന്തപുരം: കേരളത്തിലെ 13 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട സീറ്റില്‍ മാത്രം പ്രഖ്യാപനം ഉണ്ടാകാത്തതില്‍ ബിജെപിയിലെ മുരളീധരപക്ഷം കടുത്ത അതൃപ്തിയിലാണ്. വളരെ എളുപ്പത്തിൽ തീരുമാനിക്കാമായിരുന്ന സീറ്റിൽ തീരുമാനം അനാവശ്യമായി വലിച്ചു നീട്ടിയെന്നാണ് മുരളീധരപക്ഷത്തിന്‍റെ ആരോപണം. സംസ്ഥാന ബിജെപി നേതൃത്വം തന്നെ ഉണ്ടാക്കിയ ഈ അനാവശ്യപ്രതിസന്ധി പത്തനംതിട്ടയിലെ വിജയ സാധ്യതയെ തന്നെ ബാധിക്കുമെന്നും മുരളീധര പക്ഷം ആരോപിക്കുന്നു.

സംസ്ഥാന ബിജെപി ഘടകത്തിലെ ഉൾപ്പോരുകളാണ് ഇത് തുറന്ന് കാണിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിന് വേണ്ടി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള തന്നെ രംഗത്തെത്തിയതിൽ മുരളീധരപക്ഷം അസ്വസ്ഥരായിരുന്നു. ശബരിമല സമരത്തിന് പിന്നാലെ വിജയസാധ്യത ഏറെയെന്ന് കരുതപ്പെട്ട മണ്ഡലത്തിൽ പിള്ളയ്ക്ക് പിന്നാലെ വീണ്ടും അവകാശികളെത്തി. കഴിഞ്ഞ തവണ ഭൂരിപക്ഷം കൂട്ടിയ കഥ പറഞ്ഞ് എം ടി രമേശും സ്വന്തം കർമമണ്ഡലമെന്ന് പറ‍ഞ്ഞ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും സീറ്റിൽ കണ്ണ് നട്ട് രംഗത്തെത്തി. 

ഇതോടെയാണ് മുരളീധരപക്ഷത്തിൽ അതൃപ്തി ഉടലെടുത്തത്. തമ്മിലടി മൂത്തതോടെ ആ‌ർഎസ്എസ് ഇടപെട്ടു. ശബരിമല പ്രക്ഷോഭങ്ങളിൽ ജയിലിൽ കിടന്ന കെ സുരേന്ദ്രന് വേണ്ടി ആർഎസ്എസ് രംഗത്തെത്തിയത് ഒട്ടത്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്. മുമ്പ് സുരേന്ദ്രനുമായുള്ള ഭിന്നതയൊക്കെ പറഞ്ഞുതീർത്ത് ആർഎസ്എസ് സുരേന്ദ്രന് പിന്നിൽ ശക്തമായി നിലയുറപ്പിച്ചു. ഇതോടെ സീറ്റ് സുരേന്ദ്രന് കിട്ടുമെന്നും ഏതാണ്ട് ഉറപ്പായി. 

ഇപ്പോൾ സ്ഥാനാർത്ഥിപ്രഖ്യാപനവും കാത്ത് കെ സുരേന്ദ്രൻ പത്തനംതിട്ടയിലുണ്ട്. ഇന്നലെ പ്രഖ്യാപനം വരാത്തതോടെ ഒരു പ്രതികരണത്തിനും സുരേന്ദ്രൻ തയ്യാറായില്ല. എന്താണ് പ്രഖ്യാപനം വരാത്തതെന്ന് അറിയില്ലെന്ന് പി എസ് ശ്രീധരൻ പിള്ളയും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു.  

അതേസമയം വ്യാഴാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ട ഉള്‍പ്പെടുത്താത്തത് സാങ്കേതികം മാത്രമാണെന്നാണ് ബിജെപിയിലെ നേതൃത്വം പറയുന്നത്. ചൊവ്വാഴ്ച ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് കേരളത്തിലെ പട്ടിക നിശ്ചയിച്ചത്. എന്നാൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് മാറ്റിവച്ചു. തുടർന്ന് ബുധനാഴ്ച ചേർന്ന യോഗത്തലാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ഈ യോഗത്തിൽ തീരുമാനമായ സ്ഥാനാർഥികളുടെ പട്ടിക ഇന്ന് മാത്രമേ പുറത്തിറക്കൂ എന്ന് ബിജെപി കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.

തുഷാർ മാറി സുരേന്ദ്രൻ തൃശ്ശൂരിലെത്താമെന്നും പകരം പത്തനംതിട്ടയിൽ ശ്രീധരൻ പിള്ളയോ മറ്റാരെങ്കിലുമോ എത്തുമെന്ന് ചിന്തിക്കുന്നവരും ബിജെപിയിലുണ്ട്. എന്നാൽ തുഷാർ പിൻമാറുമെന്ന കാര്യം ബിഡിജെഎസ് നേതാക്കളാരും ഇതുവരെ സമ്മതിച്ചിട്ടില്ല. സുരേന്ദ്രനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ നടന്ന പ്രചാരണത്തിന് പിന്നിൽ സുരേന്ദ്രൻ തന്നെയാണെന്ന് എതിർക്കുന്നവർ കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നും വിവരമുണ്ട്. ഒരുപാട് നേതാക്കൾ കണ്ണുവച്ച പത്തനംതിട്ട സീറ്റി‌ൽ ആരാകും സ്ഥനാർത്ഥിയെന്ന അഭ്യൂഹം തീരുന്നില്ല. 

click me!