Latest Videos

ഏക സിവിൽ കോഡ്, രാമക്ഷേത്രം, ദേശസുരക്ഷ: 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

By Web TeamFirst Published Apr 8, 2019, 12:41 PM IST
Highlights

രാമക്ഷേത്രം മുതൽ ദേശീയതയും വികസനവും വിഷയമാകുന്ന പ്രകടനപത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. ബിജെപി സങ്കൽപ് പത്ര് - അല്ല, മാഫി പത്ര് - പുറത്തിറക്കണമെന്ന് കോൺഗ്രസ്. 

ദില്ലി: 2019- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 'സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. 'സങ്കൽപിത് ഭാരത് - സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്.

''2014-ലെ തെരഞ്ഞെടുപ്പ് പ്രതീക്ഷയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആ പ്രതീക്ഷകൾ കാത്തു. വികസനത്തിന്‍റെ പേരിലാകും കഴിഞ്ഞ  അഞ്ച് വർഷം രേഖപ്പെടുത്തപ്പെടുക. 2014-ൽ ഞങ്ങൾ അധികാരത്തിലേറുമ്പോൾ ലോകത്തെ പതിനൊന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ'', ബിജെപി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. 

രാജ്യത്തിന്‍റെ വികസനത്തിനായി 50 പ്രധാന തീരുമാനങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ അഞ്ച് വർഷം സ്വീകരിച്ചതെന്ന് പറയുന്ന ബിജെപി അവ പ്രകടനപത്രികയിൽ എണ്ണിപ്പറയുന്നു. ആറ് കോടി ആളുകളിൽ നിന്ന് വിവരം ശേഖരിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്ന് ബിജെപി അവകാശപ്പെടുന്നു. ഫിർ ഏക് ബാർ മോദി സർക്കാർ എന്ന വാഗ്ദാനവുമായാണ് ഇന്നലെ ബിജെപി പ്രചാരണ ഗാനമടക്കം പുറത്തിറക്കിയത്. 

ബിജെപി പ്രകടനപത്രികയിലെ പ്രധാനവാഗ്‍ദാനങ്ങൾ ഇവയാണ്:

# 2020-ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും വീട് നിർമിച്ച് നൽകും

# അടുത്ത വർഷത്തോടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.

# ഗ്രാമീണ വികസനത്തിനായി 25 കോടി രൂപ വകയിരുത്തും

# സൗഹൃദപരമായ അന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമിക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും. 

# എല്ലാ ഭൂരേഖകളും ഡിജിറ്റൈസ് ചെയ്യും

# പൗരത്വബില്ല് പാർലമെന്‍റിൽ പാസ്സാക്കും. നടപ്പാക്കും.

# 60 വയസ്സിന് മുകളിലുള്ള എല്ലാ കർഷകർക്കും പെൻഷൻ ഉറപ്പാക്കും.

# ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധം

# ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കും.

click me!