
ഇൻഡോർ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ബിജെപി എംഎല്‍എ ദിലീപ് സിംഗ് പരിഹാറിന് ജയില്‍ശിക്ഷ വിധിച്ച് നീമുച്ച് കോടതി. അധികൃതരുടെ അനുവാദമില്ലാതെ നീമുച്ച് നഗരത്തിൽ കരിമരുന്ന് പ്രയോഗവും ബൈക്ക് റാലിയും സംഘടിപ്പിച്ചെന്ന് കാണിച്ചാണ് പരിഹാറിനെയടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തത്.
മാർച്ച് 23-നായിരുന്നു സംഭവം. മന്ദൗസറില്‍ സിറ്റിങ് എം പിയായ സുധീര്‍ ഗുപ്തയെ റീ നോമിനേറ്റ് ചെയ്തതിനുള്ള ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കരിമരുന്ന് പ്രയോഗവും ബൈക്ക് റാലിയും സംഘടിപ്പിച്ചത്. തുടർന്ന് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പൊലീസിന് പരാതി നല്‍കി. നീമുച്ച് മുനിസിപ്പാലിറ്റി ചെയര്‍മാനും ബിജെപി ജില്ലാ നേതാവുമായ രാകേഷ് ജെയിന്‍, സന്തോഷ് ചോപ്ര, ജീതു തല്‍റേജ, ആയുഷ് കോത്താരി തുടങ്ങിയവർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേസിലെ പ്രതികളായ മറ്റ് മൂന്ന് പേർക്ക് ജാമ്യം ലഭിച്ചെങ്കിലും രാകേഷ് ജെയിനിനും ദിലീപ് സിംഗ് പരിഹാറിനും കോടതി ജാമ്യം അനുവദിച്ചില്ല. ഇവർ ഏപ്രിൽ അഞ്ച് വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് ദിലീപ് സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.