മുരളീ മനോഹർ ജോഷിയോടും മത്സരിക്കേണ്ടെന്ന് ബിജെപി; മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തി

By Web TeamFirst Published Mar 26, 2019, 10:41 AM IST
Highlights

പാർട്ടി തന്നോട് മത്സരിക്കേണ്ടെന്ന് ആവശ്യപ്പെട്ടതായാണ് മുരളീ മനോഹർ ജോഷി പരസ്യമായി പറ‍യുന്നത്. അദ്വാനിക്ക് കൂടി സീറ്റ് നിഷേധിച്ചതോടെ ബിജെപിയിലെ തലമുറമാറ്റം പൂർണമാകുന്നു.

കാൻപൂർ: സീറ്റ് നിഷേധിക്കപ്പെട്ടതിലെ അതൃപ്തി പരസ്യമാക്കി ബിജെപിയിലെ മുതിർന്ന നേതാവ് മുരളീമനോഹർ ജോഷിയും രംഗത്ത്. മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് തന്നോട് ബിജെപി ആവശ്യപ്പെട്ടതായി ജോഷിയുടേതെന്ന പേരിൽ ഒരു പ്രസ്താവന പ്രചരിക്കുന്നുണ്ട്. ഈ പ്രസ്താവനയിൽ പക്ഷേ ജോഷി ഒപ്പിട്ടിട്ടില്ല. എന്നാൽ ബിജെപിയുടെ ജനറൽ സെക്രട്ടറി രാംലാൽ തന്നോട് മത്സരിക്കേണ്ടെന്ന് പറ‍ഞ്ഞതായി മുരളീ മനോഹർ ജോഷി പറഞ്ഞെന്ന് ഒരു ദേശീയ ചാനൽ വാർത്ത പുറത്തു വിട്ടിട്ടുണ്ട്. 

2014-ൽ വാരാണസിയിലെ സീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ഒഴിച്ചിട്ട മുരളീമനോഹർ ജോഷിക്ക് ഇപ്പോൾ കാൻപൂർ സീറ്റ് കൂടി നിഷേധിക്കപ്പെടുകയാണ്. 57 ശതമാനം വോട്ടുകൾ നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജോഷി അന്ന് വിജയിച്ചത്. 

90-കൾക്ക് ശേഷം ബിജെപിയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി അദ്വാനിയും മുരളീമനോഹർ ജോഷിയുമില്ലാത്ത ഒരു സ്ഥാനാർത്ഥിപ്പട്ടിക ആദ്യമായാണ് പുറത്തുവരുന്നത്. അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗാന്ധിനഗറിൽ ഇത്തവണ മത്സരിക്കുന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായാണ്. മുരളീമനോഹർ ജോഷിയുടെ സിറ്റിംഗ് സീറ്റായ കാൻപൂരിൽ സ്ഥാനാർത്ഥികളെയൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ മത്സരിക്കാത്ത സ്ഥിതിക്ക് ഗുജറാത്തിൽ പാർട്ടിയിലെ ഉന്നതനേതാവ് തന്നെ മത്സരിക്കണമെന്ന വിലയിരുത്തലിലാണ് അമിത് ഷായെ ഗാന്ധിനഗർ സീറ്റിൽ മത്സരിപ്പിച്ചതെന്നാണ് സൂചന. അമിത് ഷാ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് ആറ് തവണ ഗാന്ധിനഗറിൽ വിജയിച്ച, പാർട്ടിയിലെ ഏറ്റവും തലമുതിർന്ന നേതാക്കളിലൊരാളായ അദ്വാനിയെ മാറ്റിക്കൊണ്ടാണെന്നതിൽ മുതിർന്ന നേതാക്കൾക്കിടയിൽ ചെറുതല്ലാത്ത അതൃപ്തിയുണ്ട്.

:1991-ൽ അദ്വാനിയുടെ പത്രികാ സമർപ്പണവേളയിൽ മോദിയും അമിത് ഷായും

ആദ്യകാലങ്ങളിൽ അദ്വാനിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുക്കാൻ പിടിച്ചിരുന്നത് അമിത് ഷായായിരുന്നു. ഇത് വരെ അമിത് ഷാ നിയമസഭയിലേക്ക് മാത്രമാണ് മത്സരിച്ചിട്ടുള്ളത്. ഒരു തവണ രാജ്യസഭാംഗമായതൊഴിച്ചാൽ പിന്നെയൊക്കെ പാർട്ടിയുടെ സംഘടനാ ചുമതലകളാണ് ഷാ പ്രധാനമായും വഹിച്ചിരുന്നത്. ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാ മത്സരിക്കുന്നത് അദ്വാനിയെ മാറ്റി നിർത്തിയിട്ടാണെന്നത് പാർട്ടിയിലെ ഒരു തലമുറമാറ്റം തന്നെയാണ്. ഒരു പക്ഷേ അദ്വാനിയുടെ രാഷ്ട്രീയജീവിതത്തിന്‍റെ അവസാനവും. 

പാർട്ടി വിമതനായ ശത്രുഘൻ സിൻഹ മത്സരിച്ച് വിജയിച്ച് വന്നിരുന്ന പട്‍നാ സാഹിബ് സീറ്റിൽ പാർട്ടി ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെയാണ്. അതൃപ്തി പരസ്യമാക്കിയ ശത്രുഘൻ സിൻഹ പറഞ്ഞത് തന്നെ അപമാനിച്ചതിനേക്കാൾ കൂടുതൽ പാർട്ടി അപമാനിച്ചത് എൽ കെ അദ്വാനിയെയാണെന്നാണ്. അദ്വാനിയാകട്ടെ സീറ്റ് നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ശത്രുഘൻ സിൻഹ കോൺഗ്രസിലേക്ക് പോവുകയാണെന്നും ഉറപ്പായ സാഹചര്യത്തിൽ ഇനി മുതിർന്ന നേതാക്കളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രതികരണമുണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം. 

click me!