എൻഡിഎ ലീഡ് നില 300 കടന്നു, വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി

Published : May 23, 2019, 10:12 AM ISTUpdated : May 23, 2019, 10:15 AM IST
എൻഡിഎ ലീഡ് നില 300 കടന്നു, വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി

Synopsis

1984-ലെ രാജീവ് ഗാന്ധി സർക്കാരിന് ശേഷം സ്വന്തമായി കേവലഭൂരിപക്ഷം നേടിയത് 2014-ലെ നരേന്ദ്രമോദി സർക്കാരാണ്. ചരിത്രം തിരുത്തി നരേന്ദ്രമോദി വീണ്ടും കേവലഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ്. 

ദില്ലി: സഖ്യകക്ഷി സർക്കാരെന്ന അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും തൽക്കാലം അവസാനം. ഹിന്ദി ഹൃദയഭൂമിയിലും കർണാടകയിലും വൻമുന്നേറ്റം നേടി ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന സൂചനകളാണ് ആദ്യ രണ്ട് മണിക്കൂറുകളിലെയും ലീഡ് നിലയിൽ വ്യക്തമാവുന്നത്. ആദ്യ ഒരു മണിക്കൂറിൽത്തന്നെ ലീഡ് നില കേവലഭൂരിപക്ഷത്തിലെത്തിച്ച എൻഡിഎ പിന്നീട് രണ്ട് മണിക്കൂർ തികയുമ്പോൾ 300- സീറ്റുകളെന്ന കണക്ക് കടക്കുന്നു. 

2014-ലെ സീറ്റുകളേക്കാൾ കൂടുതൽ സീറ്റുകളിൽ മുന്നിലാണ് ബിജെപിയിപ്പോൾ. സ്വന്തം റെക്കോഡ് തിരുത്തിയാണ് ബിജെപി മുന്നിൽപ്പോകുന്നത്.  

ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ദില്ലിയിൽ എല്ലാ സീറ്റുകളും, ഗുജറാത്ത്, ഹരിയാനയിലെ എല്ലാ സീറ്റുകളും, മധ്യപ്രദേശ് എന്നിങ്ങനെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കർണാടകയും ചേർന്ന് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കിട്ടുകയെന്നത് ഈ കണക്ക് വച്ച് നോക്കുമ്പോൾ അസാധ്യമല്ല. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ഈ മേഖലകളിൽ എൻഡിഎ ആധിപത്യം നിലനിർത്തുകയാണ്.

അതേസമയം, ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇടയ്ക്കിടെ പിന്നിൽപ്പോയ ശേഷമാണ് ലീഡിലെത്തിയത്. 

വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ മുന്നിട്ടു നിൽക്കുമ്പോഴാണ് അമേഠിയിൽ പിന്നിൽ പോയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്‍റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയിൽ കളത്തിലിറക്കിയത്. 

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ പറഞ്ഞത്. 

മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എൻഡിഎയ്ക്ക് നേടാനാകുന്നത്. രാജസ്ഥാനിൽ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത കോൺഗ്രസിന് തിരിച്ചടിയാണ് ആദ്യഫല സൂചനകൾ. എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി ശിവസേനയുമായി കൈ കോർത്ത മഹാരാഷ്ട്രയിൽ എൻഡിഎക്ക് തന്നെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നേരത്തേ എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നതാണ്. അത് തന്നെയാണ് സംഭവിക്കുന്നതും. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?