മഹാരാഷ്ട്രയിൽ പകുതി സീറ്റുകളിൽ മത്സരിക്കാൻ ബിജെപി, ശിവസേനയ്ക്ക് 126 സീറ്റുകൾ നൽകും

By Web TeamFirst Published Sep 26, 2019, 9:19 PM IST
Highlights

തുല്യ സീറ്റുകളിൽ മത്സരിക്കണമെന്ന ശിവസേനയുടെ ആവശ്യത്തിന് വഴങ്ങാതെയാണ് 144 സീറ്റുകളിൽ മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം. പകരം ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകുമെന്നാണ് സൂചന. 

ദില്ലി: മഹാരാഷ്ട്ര നിയമസഭ തെര‍ഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ 144 സീറ്റുകളിൽ ബിജെപി മത്സരിക്കും. ശിവസേനയ്ക്ക് 126 സീറ്റുകളും മറ്റ് ചെറുഘടകക്ഷികൾക്ക് ശേഷിക്കുന്ന 18 സീറ്റുകളും നൽകാനാണ് ബിജെപിക്കകത്തെ ധാരണ. ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകാൻ ധാരണയായെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവസ് അമിത് ഷാ അടക്കമുള്ള  ദേശീയ നേതാക്കളുമായി ദില്ലിയിൽ  നടത്തിയ കൂടിക്കാഴ്ച ശേഷക്ക് ശേഷമാണ് സീറ്റ് വിഭജനത്തിൽ തീരുമാനമുണ്ടായത്. ഒക്ടോബർ 21 നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെര‍ഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 24നാണ് വിധി പ്രഖ്യാപനം. 

ദേവേന്ദ്ര ഫട്നാവിസിന് പുറമേ ഗിരീഷ് മഹാജനും, പങ്കജ് മുണ്ടെയുമടക്കമുള്ള നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. 50:50 എന്ന തരത്തിൽ സീറ്റ് വിഭജനം നടത്തണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. തുല്യസീറ്റുകളില്‍ മത്സരിക്കണമെന്ന പിടിവാശിയില്‍ നിന്നും ശിവസേനയെ മയപ്പെടുത്താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സാധിച്ചതിന്‍റെ ഫലമാണ് നിലവിലെ സീറ്റ് വിഭജന ധാരണ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ  കടുംപിടുത്തം തുടരാതെ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൂടുതൽ സീറ്റുകളിൽ വിജയിക്കാമെന്ന് ശിവസേന കണക്കു കൂട്ടുന്നു. ശിവസേനയുടെ യുവജനവിഭാഗമായ യുവസേനയുടെ അധ്യക്ഷനും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അധികാരം നിലനിര്‍ത്തുന്ന പക്ഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി ബിജെപിയുമായി സഹകരിച്ചു പോകാമെന്നാണ് ശിവസേനയ്ക്ക് അകത്തുയര്‍ന്നിരിക്കുന്ന അഭിപ്രായം.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്താണ് മഹാരാഷ്ട്ര പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. കേന്ദ്ര സർക്കാരിന്‍റെ സമീപകാല പ്രവർത്തങ്ങളുടെ വിലയിരുത്തലായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ വൻവിജയം ബിജെപിക്ക് അനിവാര്യതയാണ്.

click me!