എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ പ്രതിപക്ഷനിരയിൽ കരുനീക്കങ്ങൾ; നാളത്തെ പ്രതിപക്ഷയോഗം നീട്ടിവച്ചു

By Web TeamFirst Published May 20, 2019, 11:37 AM IST
Highlights

300ൽ അധികം സീറ്റുകൾ കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുമ്പോൾ എൻഡിഎ ക്യാമ്പിന്‍റെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. 

ദില്ലി: എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി വലിയ പ്രതീക്ഷ വയ്ക്കുമ്പോൾ അത്ഭുതം സംഭവിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിന്‍റെ പ്രതികരണം. 300ൽ അധികം സീറ്റുകൾ കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുമ്പോൾ എൻഡിഎ ക്യാമ്പിന്‍റെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയിൽ നടക്കുന്നത്. 

ഇതിനിടെ മായാവതി ഇന്ന് ദില്ലിയിലെത്തി രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ അവർ ദില്ലി യാത്ര നീട്ടിവച്ചു.നാളെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഈ യോഗം വോട്ടെണ്ണലിന് ശേഷം മതിയെന്നാണ് ഇപ്പോഴത്തെ ധാരണ.

പ്രതിപക്ഷയോഗം തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രം

ഫലം വരുന്നതിന് മുമ്പുതന്നെ പ്രതിപക്ഷ പാർട്ടികൾ കൂടിയിരുന്ന് ബദൽ സർക്കാർ രൂപീകരണം സംബന്ധിച്ചും സർക്കാരിന്‍റെ നേതൃത്വം ആർക്കായിരിക്കും എന്നതിലും ധാരണയുണ്ടാക്കണമെന്ന് നിർദ്ദേശിച്ചത് സോണിയ ഗാന്ധി ആയിരുന്നു. എന്നാൽ ഫലം വരുന്നതിന് മുമ്പ് പ്രതിപക്ഷ നേതൃയോഗം പ്രായോഗികമല്ലെന്ന നിലപാടിലാണ് മായാവതി. ഡിഎംകെ, ആർജെഡി തുടങ്ങിയ കക്ഷികൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെടുമ്പോൾ മായാവതി, മമതാ ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കൾ ഇക്കാര്യത്തിൽ വിയോജിച്ചു. എൻഡിഎ സർക്കാർ തുടരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള എല്ലാ സാധ്യതകളും തേടാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.

ചന്ദ്രബാബു നായിഡു കിംഗ് മേക്കറാകുമോ?

 ടിഡിപി അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് സർക്കാർ രൂപീകരണത്തിനുള്ള കരുനീക്കങ്ങൾക്ക് ഈ ഘട്ടത്തിൽ ചുക്കാൻ പിടിക്കുന്നത്. മായാവതിയുമായി നായിഡു വീണ്ടും കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും ഈ ഘട്ടത്തിൽ അവർ ചർച്ചക്ക് തയ്യാറല്ലെന്നാണ് അറിയിച്ചത്. പ്രതിപക്ഷ നിരയിലെ നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് ബിജെപിക്ക് എതിരായ ബദൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ചന്ദ്രബാബു നായിഡു നടത്തുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ചന്ദ്രബാബു നായിഡു ദില്ലി ക്യാമ്പ് ചെയ്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ലക്നൗവിലെത്തി ബിഎസ്‍പി അധ്യക്ഷ മായാവതിയുമായും എസ്‍പി അധ്യക്ഷ അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയെ കണ്ടതിന് ശേഷമാണ് ചന്ദ്രബാബു നായിഡു മഹാസഖ്യത്തിലെ ഇരുനേതാക്കളേയും കണ്ടത്. ഉത്തർ പ്രദേശിൽ എസ്‍പി ബിഎസ്‍പി സഖ്യം പിടിക്കുന്ന സീറ്റുകളിലാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന പ്രതീക്ഷ. തുടർന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍ സി പി ജനറല്‍ സെക്രട്ടറി ശരത് പവാര്‍, ലോക് താന്ത്രിക് ജനതാദള്‍ ശരദ് യാദവ്, ആം ആദ്മി പാര്‍ട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‍രിവാൾ എന്നിവരുമായും ചന്ദ്രബാബു നായിഡു പലവവട്ടം കൂടിയാലോചനകൾ നടത്തി.

ഇന്ന് മമതാ ബാനർജിയെ കാണാൻ ചന്ദ്രബാബു നായിഡു കൊൽക്കത്തയിലേക്ക് പോകും. എക്സിറ്റ് പോൾ ഫലങ്ങൾ നരേന്ദ്രമോദിയുടെ തന്ത്രമാണെന്ന പ്രതികരണം ആദ്യം നടത്തിയത് മമതാ ബാന‍ർജിയാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടാനുള്ള വഴിയായി മോദി എക്സിറ്റ് പോളുകളെ ഉപയോഗിക്കുകയാണെന്നും മമതാ ബാനർജി ആരോപിച്ചു. ഫലം എന്തായാലും ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശവും ചന്ദ്രബാബു നായിഡു പ്രതിപക്ഷനിരയിലെ നേതാക്കൾക്ക് നൽകുന്നുണ്ട്.  ആന്ധ്രാ പ്രദേശിലെ സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടി ടിഡിപി വലിയ നേട്ടമുണ്ടാക്കാൻ പോകുന്നു എന്ന സൂചനയും ചന്ദ്രബാബു നായിഡു നൽകുന്നുണ്ട്.

ഇവിഎം ക്രമക്കേട് ആരോപിച്ച് നിയമനടപടിക്കും നീക്കം

ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഏതെങ്കിലും തരത്തിലുള്ള നിയമനടപടികളിലേക്ക് പോകണോ എന്നത് സംബന്ധിച്ച ആലോചനകളും പ്രതിപക്ഷ നേതാക്കൾക്കിടയിൽ നടക്കുന്നുണ്ട്. ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതല്ലെങ്കിൽ ഫലം പുറത്തുവന്നതിന് ശേഷം 24ന് രാവിലെ ദില്ലിയിൽ പ്രതിപക്ഷയോഗം ചേരും. സർക്കാർ രൂപീകരണത്തിനുള്ള എന്തെങ്കിലും സാധ്യതകൾ ഉണ്ടെങ്കിൽ അന്നുതന്നെ രാഷ്ട്രപതിയെ കാണണം എന്ന വിശാല അഭിപ്രായ ഐക്യത്തിൽ പ്രതിപക്ഷം എത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!