
കാസർഗോഡ്: എല്ലാ വിഷുവിനും ഗുരുവായൂരെത്തുന്ന രാജ് മോഹൻ ഉണ്ണിത്താന് ഇത്തവണ കാസർഗോഡ് മധൂർ ഗണപതി ക്ഷേത്രത്തിലായിരുന്നു വിഷുക്കണി. വിഷു ദിനത്തിൽ വാഹന പ്രചാരണത്തിന് അവധി നൽകിയിരിക്കുകയാണ് എൻഡിഎ ക്യാമ്പ്. കുടുംബങ്ങളെ നേരിൽ കണ്ട് വിഷു ആശംസകൾക്കൊപ്പം വോട്ടും ഉറപ്പിക്കുകയാണ് ഇടത് സ്ഥാനാർത്ഥി കെ പി സതീഷ് ചന്ദ്രൻ.
രാവിലെ അഞ്ച് മണിക്ക് മധൂർക്ഷേത്രത്തിലെത്തിയാണ് രാജ് മോഹൻ ഉണ്ണിത്താൻ കണി കണ്ടത്. എൻഡിഎ രവീശ തന്ത്രി കുണ്ടാറും മധൂരിലെത്തിയാണ് കണി കണ്ടത്. പ്രവർത്തകർക്ക് വിഷു ആഘോഷിക്കേണ്ടതിനാൽ പരസ്യ പ്രചാരണത്തിന് ഇന്ന് അവധി നൽകിയിരിക്കുകയാണ്. പകരം മുഴുവൻ അമ്പലങ്ങളിലുമെത്തും.
വീട്ടിൽ തന്നെയായിരുന്നു ഇടത് സ്ഥാനാർത്ഥി സതീഷ് ചന്ദ്രന്‍റെ വിഷു. പതിവു പോലെ സഹോദരിയിൽ നിന്നും കൈനീട്ടം വാങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരാഴ്ചക്കാലം മാത്രമാണ് ബാക്കിയുള്ളത്. പ്രചാരണ തിരക്കിനിടയിലെത്തിയ വിഷുവും വോട്ടുറപ്പിക്കാനുള്ള അവസരമാക്കുകയാണ് സ്ഥാനാർത്ഥികൾ.