കാസർകോട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ മർദ്ദിച്ച സംഭവം; സിപിഎം പ്രവർത്തകര്‍ക്കെതിരെ കേസ്

By Web TeamFirst Published May 18, 2019, 3:12 PM IST
Highlights

രാജ്മോഹൻ ഉണ്ണിത്താന്റെ പരാതിയിൽ ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പരിയാരം പൊലീസ് കേസെടുത്തിട്ടുണ്ട്. 

പിലാത്തറ: റീപോളിംഗ് നടക്കുന്ന കാസർകോട് മണ്ഡലമായ കണ്ണൂരിലെ പിലാത്തറയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു ആക്രമണം. പ്രസംഗിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയ ഏഷ്യാനെറ്റ് ന്യൂസ് കാസർകോട് സീനിയർ റിപ്പോർട്ടർ മുജീബ് റഹ്മാനെ സിപിഎം പ്രവർത്തകർ മർദിക്കുകയായിരുന്നു. 

രാജ്മോഹൻ ഉണ്ണിത്താന്റെ പരാതിയിൽ ശിവശങ്കരൻ, സജേഷ്, രവീന്ദ്രൻ എന്നിവരടക്കം ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെയും പരിയാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരായിരുന്നു പിലാത്തറയിൽ ആക്രമണത്തിന് നേതൃത്വം നൽകിയത്. മുജീബിന്റെ ഫോൺ സംഘം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കണ്ണൂർ എസ്പി ജി ശിവവിക്രം അറിയിച്ചു.

കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാസര്‍കോട് ലോക്സഭാ മണ്ഡലമായ കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഉള്‍പ്പടെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് റീപോളിംഗ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!