രാഹുല്‍ ഗാന്ധി വരുന്നതോടെ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് ചെന്നിത്തല

By Web TeamFirst Published Mar 23, 2019, 1:10 PM IST
Highlights

അദ്ദേഹം വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അഞ്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്‍റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തുനില്‍ക്കുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാവരും ഒറ്റക്കെട്ടായാണ് ആവശ്യപ്പെടുന്നത്. അദ്ദേഹം വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍  അഞ്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്‍റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തുനില്‍ക്കുന്നത്. യുഡിഎഫ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു. എല്ലാവരും സ്വാഗതം ചെയ്തു. അദ്ദേഹം തയ്യാറായാല്‍ കേരളത്തിന്‍റെ സൗഭാഗ്യമാണ്. തെക്കേ ഇന്ത്യയില്‍ തന്നെ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. 

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെടുകയായിരുന്നു. ആവശ്യം രാഹുൽ ഗാന്ധിയുടെ പരിഗണനയിലെന്ന് ഉമ്മൻചാണ്ടി വിശദമാക്കി. ഇക്കാര്യം കെപിസിസി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു . ടി സിദ്ദിഖിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിച്ചാൽ പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.  രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധി നേരിടുന്ന കര്‍ണാടകത്തില്‍ അതിന്റെ ആവേശമുണ്ടാകുമെന്ന് നേരത്തെ തന്നെ കേരള നേതാക്കള്‍ നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 

click me!