
ദില്ലി: കുട്ടികളെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന് ദേശീയ ബാലാവകാശ കമ്മീഷൻ കത്തെഴുതി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷയുപയോഗിച്ച് സംസാരിക്കുന്ന കുട്ടികളുടെ വീഡിയോ വിവാദമായതോടെയാണ് ബാലാവകാശ കമ്മീഷൻ കത്തെഴുതിയത്.
കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷന്‍റെ കത്ത്. നോട്ടീസ് വിതരണം പോലുള്ള യാതൊരു തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കും കുട്ടികളെ ഉപയോഗിക്കരുതെന്നും ബാലാവകാശ കമ്മീഷൻ തെരെഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിട്ടുണ്ട്. പരാതി ലഭിച്ചെന്നും അതിനൊപ്പം ലഭിച്ച വീഡിയോ ലിങ്കില്‍ നിന്നും കുട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നത് കാണാമെന്നും ബാലാവകാശ കമ്മീഷന്‍ കത്തില്‍ പറയുന്നു. കുട്ടികള്‍ അപമാനകരവും അസഭ്യവുമായ പരാമര്‍ശങ്ങള്‍ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തുന്നത് കാണാമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
പ്രിയങ്ക പങ്കെടുത്ത അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. മോദിക്കെതിരെ ഒരു കൂട്ടം ആണ്‍കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചതിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്. ചൗകിദാര്‍ ചോര്‍ ഹേ' (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നാലെയാണ് കുട്ടികള്‍ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗം പാടില്ലെന്ന് പ്രിയങ്ക വിലക്കുകയും ചെയ്തിരുന്നു. അങ്ങനെ ചെയ്യരുതെന്നും നല്ല മുദ്രാവാക്യങ്ങള്‍ മാത്രമെ വിളിക്കാവൂ എന്നും പ്രിയങ്ക കുട്ടികളെ ഉപദേശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Also Read: മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച കുട്ടികളെ വിലക്കി പ്രിയങ്ക; ആ ദൃശ്യം ഇങ്ങനെയാണ്