കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്ന് ആവർത്തിച്ച് പിണറായി വിജയൻ

By Web TeamFirst Published May 20, 2019, 12:59 PM IST
Highlights

കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നുള്ള കാര്യത്തിൽ തനിക്ക് ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. 

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മുമ്പ് പറഞ്ഞ അഭിപ്രായത്തിൽ ഇപ്പോഴും താൻ ഉറച്ചുനിൽക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. സമരം ചില ആൾക്കാരെ ആക്രമിക്കാൻ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നു ശബരിമലയെ സംരക്ഷിക്കാനായിരുന്നില്ലെന്ന് അതിന് നേതൃത്വം നൽകിയ ഒരു മഹതി തന്നെ പറഞ്ഞുകഴിഞ്ഞു. എന്നാൽ സർക്കാർ ശ്രമിക്കുന്നതെ ശബരിമലയെ സംരക്ഷിക്കാനാണ്. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത സീസണിൽ ഇതേവരെയുള്ള ശബരിമല ആകില്ലെന്നും കൂടുതൽ ഉയർന്ന സൗകര്യമുള്ള ശബരമല ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്നാൽ കേന്ദ്രത്തിലെ കാര്യം അറിയാൻ 23 വരെ കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2004ൽ എൻഡിഎ വരും എന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. പക്ഷേ വന്നത് യുപിഎ സർക്കാരായിരുന്നു. എക്സിറ്റ് പോളുകൾ മിക്കപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങൾ വച്ച് ചർച്ച നടത്തേണ്ടതില്ല. ഇനിയിപ്പോൾ ഏതായാലും ഫലം വരട്ടെ എന്നും പിണറായി പറഞ്ഞു. എന്നാൽ കേരളത്തിൽ കേരളത്തിൽ വലിയ വിജയം നേടുമെന്ന് അദ്ദേഹം ആവർത്തിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!