
കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനം മാറ്റിയത്.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ എഐസിസിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. നാളെ ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമബംഗാളില്‍ പ്രചാരണത്തിന് പോയ രാഹുല്‍ ദില്ലിയില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ വയനാട് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്നായിരുന്നു നേരത്തെ എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ദില്ലിയില്‍ തിരിച്ചെത്തിയ രാഹുലിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ വിഭിന്ന അഭിപ്രായം എഐസിസിയില്‍ ഉണ്ടായി എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
കേരളത്തില്‍ പ്രധാനമായും മത്സരം നടക്കുന്നത് ഇടതുപക്ഷവും യുപിഎയും തമ്മിലാണെന്നും അത്തരമൊരു സംസ്ഥാനത്ത് രാഹുല്‍ മത്സരിച്ചാല്‍ പ്രതിപക്ഷ ഐക്യം എന്ന ആശയത്തെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയേക്കാം എന്നും അദ്ദേഹത്തോട് അടുപ്പമുള്ള ചില നേതാക്കള്‍ അഭിപ്രായപ്പെട്ടതായാണ് സൂചന. ബിജെപി ശക്തമല്ലാത്ത കേരളത്തില്‍ മത്സരിക്കാതെ മറ്റൊരു സംസ്ഥാനത്ത് മത്സരിക്കുന്നതാവും നല്ലതെന്ന നിര്‍ദേശവും ചര്‍ച്ചകളില്‍ ഉയര്‍ന്നു
എന്നാൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.