ധാരണ തകര്‍ത്തത് രാഹുലിന്‍റെ കോണ്‍ഗ്രസ്; 1977 ലെ ജനതാ പാർട്ടിയെ പോലെ ദാർഢ്യമാണെന്ന് സീതാറാം യെച്ചൂരി

By Web TeamFirst Published Mar 31, 2019, 2:56 PM IST
Highlights

തൃണമൂൽ കോൺഗ്രസിനെയും ബിജെപിയും എതിർക്കുന്ന ഒരേയൊരു കക്ഷിയായി വെസ്റ്റ് ബംഗാളിൽ സിപിഎം മാറുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് 1977 ലെ ജനതാ പാർട്ടിയുടെ ദാർഢ്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വെസ്റ്റ് ബംഗാളിൽ സഖ്യചർച്ചകൾ പരാജയപ്പെട്ടതിനെ കുറിച്ചാണ് യെച്ചൂരി ഇത്തരത്തിൽ പ്രതികരിച്ചത്. 1977 ൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുളള ജനതാ പാർട്ടി ഇന്ദിരാ ഗാന്ധിക്കെതിരായ യോജിച്ച പോരാട്ടത്തിൽ സ്വീകരിച്ച നിലപാടിന് സമാനമാണിതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. അന്നത്തെ പോലെ ഇക്കുറിയും ഇടതുപക്ഷം മികച്ച നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ബംഗാളിൽ ഏക കോൺഗ്രസ് വിരുദ്ധ ശക്തിയായി ഉയിർത്തെഴുന്നേറ്റത് പോലെ സിപിഎം ഇക്കുറിയും വളരുമെന്ന് യെച്ചൂരി പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെയും ബിജെപിയും എതിർക്കുന്ന ഒരേയൊരു കക്ഷിയായി വെസ്റ്റ് ബംഗാളിൽ സിപിഎം മാറുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.

ബംഗാളിൽ പരസ്പരം സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന ധാരണ ആദ്യം തകർത്തത് കോൺഗ്രസാണെന്നും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളിൽ കോൺഗ്രസാണ് ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് 34 സീറ്റുകളിലാണ് വിജയിച്ചത്. കോൺഗ്രസ് നാലിടത്തും സിപിഎമ്മും ബിജെപിയും രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ സിപിഎമ്മും കോൺഗ്രസും പരസ്പര ധാരണയോടെയാണ് മത്സരിച്ചതെങ്കിലും ഇക്കുറി ധാരണ തുടരാൻ സാധിച്ചില്ല.

click me!