
കല്‍പ്പറ്റ: രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ഇടതു മുന്നണി കർഷക പാർലമെന്റും കർഷക മാർച്ചും സംഘടിപ്പിച്ചു. കാർഷിക പ്രതിസന്ധിക്കും കർഷക ആത്മഹത്യയ്ക്കും കാരണം കോൺഗ്രസിന്റെ നയങ്ങളെന്ന് കർഷക പാർലമെന്റ് ഉദ്ഘാടനം ചെയ്ത കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ അശോക് ധാവ്ളെ പറഞ്ഞു. അതേസമയം കടക്കെണിയാലായ കർഷകരെ സംസ്ഥാന സർക്കാർ കൂടുതൽ ദുരിതത്തിലാക്കിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വയനാട്ടിലെ കാർഷിക പ്രതിസന്ധിക്ക് രാഹുലിനെയും കോൺഗ്രസിനെയും പഴി പറഞ്ഞാണ് ഇടതു പ്രചാരണം. ഇടതു മുന്നണിയിലെ വിവിധ കർഷക സംഘടനകൾ ചേർന്നാണ് കർഷക പാർലമെന്റ് സംഘടിപ്പിച്ചത്. 91 മുതൽ കോൺഗ്രസ് നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങളാണ് കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചത്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് ഉറപ്പ് പറയാൻ തയ്യാറാകാത്ത കോൺഗ്രസ് പ്രകടന പത്രിക തട്ടിപ്പെന്നും കർഷക പാർലമെന്റ് കുറ്റപ്പെടുത്തി.
നേരത്തെ കർഷിക പ്രതിസന്ധി സംബന്ധിച്ച് രാഹുലിനോടുള്ള പത്ത് ചോദ്യങ്ങൾ സിപിഎം പുറത്തിറക്കിയിരുന്നു. അതേസമയം മൊറട്ടോറിയത്തിൽ ഉൾപ്പെടെ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാരാണ് കർഷകരെ ദുരിതത്തിലാക്കിയതെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു. കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളത് കോൺഗ്രസ് മാത്രമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.