'മമതയ്ക്ക് അറിയാം മോദിയുടെ കുര്‍ത്തയുടെ അളവ്' ; കോണ്‍ഗ്രസ് നേതാവിന്‍റെ പ്രസ്താവന വിവാദത്തില്‍

By Web TeamFirst Published Apr 27, 2019, 2:22 PM IST
Highlights

മമതാ ബാനര്‍ജി ഇതുവരെ ആര്‍ക്കും മധുര പലഹാരങ്ങളും കുര്‍ത്തയും അയച്ചിട്ടില്ല. സമ്മാനമായി അവ ഒരാള്‍ക്ക് മാത്രം നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും അവര്‍ക്ക് അദ്ദേഹത്തിന്‍റെ കുര്‍ത്തയുടെ അളവ് നേരത്തെ അറിയാമെന്ന്'- ബാബ്ബര്‍ പറഞ്ഞു.

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അക്ഷയ് കുമാറും തമ്മിലുളള അഭിമുഖമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയില്‍ ചര്‍ച്ചാ വിഷയം. പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകള്‍ അയയ്ക്കാറുണ്ടെന്ന് അഭിമുഖത്തില്‍ മോദി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബര്‍. 'തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്ക് മോദിയുടെ കുര്‍ത്തയുടെ അളവ് അറിയാം' എന്നാണ് ബാബ്ബറിന്‍റെ വിവാദ പ്രസ്താവന. 

കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ബാബ്ബര്‍ മമതാ ബാനര്‍ജിക്കെതിരെ വിവാദ പരാമര്‍ശമുന്നയിച്ചത്. 'രണ്ട് ഉല്‍പ്പന്നങ്ങളാണ് പശ്ചിമ ബംഗാളില്‍ പ്രസിദ്ധമായിട്ടുള്ളത്. മധുര പലഹാരങ്ങളും കുര്‍ത്തയും. എന്നാല്‍ മമതാ ബാനര്‍ജി ഇതുവരെ ആര്‍ക്കും മധുര പലഹാരങ്ങളും കുര്‍ത്തയും അയച്ചിട്ടില്ല. സമ്മാനമായി അവ ഒരാള്‍ക്ക് മാത്രം നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും അവര്‍ക്ക് അദ്ദേഹത്തിന്‍റെ കുര്‍ത്തയുടെ അളവ് നേരത്തെ അറിയാമെന്ന്'- ബാബ്ബര്‍ പറഞ്ഞു.

രാജ് ബാബ്ബറിന്‍റെ വിവാദ പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു. മര്യാദയില്ലാതെയാണ് ബാബ്ബര്‍ സംസാരിച്ചതെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്ത് ഇല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സിനിമയിലെ അനുഭവ സമ്പത്ത് മാത്രം കൊണ്ട് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചര്‍ത്തു. 

click me!