കോണ്‍ഗ്രസും ഇടതും ഒറ്റക്കെട്ട്; കേരളത്തിലെ സാഹചര്യം സഖ്യത്തെ ബാധിക്കില്ല: സ്റ്റാലിൻ

By Web TeamFirst Published Apr 13, 2019, 9:45 AM IST
Highlights

കേരളത്തിലെ സാഹചര്യം പ്രതിപക്ഷ സഖ്യ നീക്കത്തെ ഒരു തരത്തിലും ബാധിക്കില്ല. നരേന്ദ്ര മോദിക്ക് എതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടുമെന്ന് സ്റ്റാലിൻ

ചെന്നൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. പ്രതിപക്ഷ സഖ്യത്തിൽ ഭിന്നതയില്ലെന്നും രാഹുല്‍ ഗാന്ധിക്ക് പിന്തുണ വര്‍ധിച്ചുവെന്നും സ്റ്റാലിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സോണിയാഗാന്ധിയേയും പിണറായി വിജയനെയും ഉള്‍പ്പടെ വേദിയിലിരുത്തി കലൈഞ്‍ജർ കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന വേദിയില്‍ നടത്തിയ പ്രസ്താവനയ്ക്ക് കരുത്ത് ഏറിയെന്ന് ചൂണ്ടിക്കാട്ടുകയാണ് സ്റ്റാലിന്‍. രാഹുൽ ഗാന്ധി തന്നെയാണ് അടുത്ത പ്രധാനമന്ത്രിയാവുകയെന്നായിരുന്നു സ്റ്റാലിന്‍റെ അന്നത്തെ പ്രസ്താവന. രാഹുൽ ഗാന്ധിയ്ക്ക് പിന്തുണ ഉറക്കെ പ്രഖ്യാപിച്ച പ്രതിപക്ഷമുന്നണിയിലെ ആദ്യനേതാവായി സ്റ്റാലിൻ. പ്രതിപക്ഷ ഐക്യത്തിന്‍റെ ശക്തനായ വക്താവുമായി.

ഇപ്പോഴിതാ, രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറിയെന്ന് സ്റ്റാലിൻ പറയുന്നു. തിരുത്തലിനുള്ള അവസരമായി ജനങ്ങള്‍ ഈ തിരഞ്ഞടുപ്പിനെ കാണുമെന്നും സ്റ്റാലിൻ പ്രഖ്യാപിക്കുന്നു.

അതിർത്തിയ്ക്കപ്പുറം ഇടതു പക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്റ്റാലിന്‍റെ മറുപടി ഇങ്ങനെ:

'കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. സംസ്ഥാന അടിസ്ഥാനത്തിലുള്ള നീക്കമാണ് കേരളത്തില്‍ നടന്നത്. എന്നാൽ ഇത്തരം സാഹചര്യം പ്രതിപക്ഷ സഖ്യ നീക്കത്തെ ഒരു തരത്തിലും ബാധിക്കില്ല. നരേന്ദ്ര മോദിക്ക് എതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടും' സ്റ്റാലിൻ പറയുന്നു.

ശക്തമായ മോദി വിരുദ്ധവികാരമുള്ള തമിഴ്‍നാട്ടിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ അണ്ണാ ഡിഎംകെയുടെ നീക്കം പരിഹാസ്യമെന്നാണ് സ്റ്റാലിൻ പറയുന്നത്. അണ്ണാ ഡിഎംകെയ്ക്ക് ഒരു വിജയസാധ്യതയുമില്ല. എല്ലാ സർവേകളും ഇത് തന്നെയാണ് പ്രവചിക്കുന്നത്. അതാണ് സത്യം. ഉടന്‍ അധികാരമാറ്റമുണ്ടാകുമെന്നും നോട്ടയില്‍ താഴെ വോട്ട് മാത്രമേ ബിജെപിക്ക് ലഭിക്കുകയുള്ളുവെന്നും സ്റ്റാലിൻ വ്യക്തമാക്കി.

സ്റ്റാലിനുമായി ഞങ്ങളുടെ പ്രതിനിധി മനു ശങ്കർ നടത്തിയ അഭിമുഖം കാണാം:

click me!