സുമലതയ്ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഞെട്ടി നേതൃത്വം

By Web TeamFirst Published Mar 21, 2019, 1:52 PM IST
Highlights

മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതോടെയാണ് കോണ്‍ഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച്ച നടത്തിയത് സുമലത ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായി

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീണ്ടനിര.  മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ നടി സുമലത അംബരീഷ് ഇന്നലെ പത്രിക നൽകിയിരുന്നു. കോൺഗ്രസ് പ്രവർത്തക‍ർ ഉൾപ്പെടെ ആയിരക്കണക്കിന് അണികളുടെ അകമ്പടിയോടെ എത്തിയാണ് സുമലത പത്രിക നൽകിയത്. 

അംബരീഷ് ആരാധകരും കർഷക സംഘടനാ നേതാക്കളും കന്നഡ സൂപ്പർ താരങ്ങളായ യഷ്, ദർശൻ എന്നിവരും സുമലതയ്ക്ക് പിന്തുണയുമായി എത്തി. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എം പി എം എച്ച് അംബരീഷിന്‍റെ ഭാര്യ സുമലതയുടെ പ്രഖ്യാപനം വന്നത്.

അംബരീഷിന്‍റെ പാരമ്പര്യം നില നിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്. "മാണ്ഡ്യയില്‍ ഞാന്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് എന്നോട് പറഞ്ഞു.

ആ വിശ്വാസം അവര്‍ക്ക് എന്നോടുമുണ്ട്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയും പാരമ്പര്യവും നിലനിര്‍ത്താനാണ് എന്‍റെ ഈ പോരാട്ടം. എന്‍റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു." സുമലത പറഞ്ഞു. മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതോടെയാണ് കോണ്‍ഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്.

ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി കൂടിക്കാഴ്ച്ച നടത്തിയത് സുമലത ബിജെപിക്കൊപ്പം ചേരുകയാണെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായി. അതേസമയം,മാണ്ഡ്യയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും സുമലതയെ പിന്തുണയ്ക്കാനാണ് പാര്‍ട്ടി ദേശീയനേതൃത്വത്തിന്‍റെ തീരുമാനമെന്നും സൂചനയുണ്ട്.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് സുമലതയ്ക്ക് പിന്തുണ നല്‍കി നിരവധി പേര്‍ എത്തുന്നത് പാര്‍ട്ടി നേതൃത്വത്തിന് വെല്ലുവിളിയാവുകയാണ്. ഹെെക്കമാന്‍ഡിന് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും എന്നാലും സുമലതയോടുള്ള വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് നരസിംഹ തുറന്ന് പറഞ്ഞു. 

click me!