വിജയരാഘവന്‍റെ വിവാദ പരാമ‍ർശം: സിപിഎം വൈകിയെങ്കിലും തെറ്റ് തിരിച്ചറിഞ്ഞെന്ന് രമ്യ

By Web TeamFirst Published May 26, 2019, 2:13 PM IST
Highlights

വനിതാ കമ്മീഷനിൽ നിന്ന്  തനിയ്ക്ക് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിനതീതമായി വനിതാ കമ്മീഷൻ ചിന്തിക്കണമെന്നും രമ്യ ഹരിദാസ്

കൊല്ലം: എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും  സിപിഎം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന്  രമ്യ ഹരിദാസ്. വനിതാ കമ്മീഷനിൽ നിന്ന്  തനിയ്ക്ക് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിനതീതമായി വനിതാ കമ്മീഷൻ ചിന്തിക്കണമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു. 

വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പി കെ ബിജുവിന്‍റെ തോൽവിയെ ബാധിച്ചുവെന്നായിരുന്നു എ കെ ബാലൻ അഭിപ്രായപ്പെട്ടത്. പരാമർശം ആലത്തൂരിലെ വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലൻ പക്ഷേ ഏതെങ്കിലും രൂപത്തിൽ അപമാനിക്കണമെന്ന് വിജയരാഘവൻ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലൻ ഇതടക്കം എല്ലാ സാധ്യതകളും കാരണങ്ങളും പാർട്ടി പരിശോധിക്കുമെന്ന് വ്യക്തമാക്കി.

അതേ സമയം മന്ത്രി എ കെ ബാലന്‍റെ വാക്കുകളെ നിഷേധിച്ച് എ വിജയരാഘവൻ രംഗത്തെത്തി. രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണ്. എ കെ ബാലൻ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല. എന്താണ് എ കെ ബാലൻ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു. 
 

click me!