സിപിഐ ദേശീയ എക്സിക്യൂട്ടീവ് ഇന്ന്; കേരളത്തിലെ സ്ഥാനാർഥിപ്പട്ടിക അംഗീകരിക്കും

By Web TeamFirst Published Mar 6, 2019, 7:31 AM IST
Highlights

ആനി രാജ സ്ഥാനാർഥിയാകണമെന്ന അഭിപ്രായം ചില ദേശീയ നേതാക്കൾക്കുണ്ട്. പക്ഷേ ദേശീയ നേതൃത്വം കേരളത്തിന്‍റെ പട്ടികയിൽ ഇടപെടില്ല. 

ദില്ലി: സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാനുള്ള സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. ഇന്നലെ ചേര്‍ന്ന ദേശീയ സെക്രട്ടേറിയറ്റ് സംസ്ഥാനങ്ങളിലെ സഖ്യം സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് വിരുദ്ധ ഇടത് സഖ്യത്തോപ്പമാകും സിപിഐ. ബംഗാളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനുള്ള ഇടതു മുന്നണി തീരുമാനം അംഗീകരിക്കും.

കേരളത്തില്‍ മഹിളാ ഫെഡറേഷൻ നേതാവ് ആനി രാജ സ്ഥാനാർത്ഥിയാകണം എന്ന അഭിപ്രായം ഒരു വിഭാഗം കേന്ദ്ര നേതാക്കൾക്കുണ്ട്. എന്നാല്‍ കേരളഘടകം ഏകകണ്ഠമായി തയ്യാറാക്കിയ പട്ടികയിൽ ഇടപെടേണ്ടതില്ലെന്നാണ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായം. എന്നാൽ ഒറ്റ സ്ത്രീ സ്ഥാനാർഥിയെപ്പോലും നിർത്താതെയുള്ള സിപിഐയുടെ സ്ഥാനാർഥിപ്പട്ടിക്ക് വിമർശനങ്ങളുമുയരുന്നുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ മത്സരിക്കും. തൃശ്ശൂരിൽ രാജാജി മാത്യു തോമസും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും വയനാട്ടിൽ പിപി സുനീറും മത്സരിക്കും.

രണ്ട് സിറ്റിംഗ് എംഎൽഎമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് തിങ്കളാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗൺസിൽ അംഗീകാരം നൽകി.

തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുതൽ ആനി രാജ വരെയുള്ളവരുടെ പേരുകൾ പരിഗണിച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം കാനം രാജേന്ദ്രൻ തള്ളി. മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രൻ അറിയച്ചതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം പരിഗണിച്ച രണ്ടാമത്തെ പേരെന്ന നിലയിൽ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാൻ ധാരണയായത്.

മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് മൂന്ന് ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള സാധ്യതാ പട്ടികയാണ് പരിഗണിക്കേണ്ടത്. മൂന്നിടത്തു നിന്നും ഒരു പോലെ വന്ന പേരെന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം. 

നിലവിലെ എംപി സിഎൻ ജയദേവന് സീറ്റ് നിഷേധിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുന്നത്. പട്ടികയിൽ രണ്ടാമത്തെ പേരായി മുൻമന്ത്രി കെ പി രാജേന്ദ്രനുണ്ടായിരുന്നെങ്കിലും അവസാനവട്ട ചര്‍ച്ചയിൽ നറുക്ക് വീണത് രാജാജി മാത്യു തോമസിനാണ്. വയനാട് ജില്ലാ നേതൃത്വത്തിന്റെ ലിസ്റ്റിലുണ്ടായിരുന്ന പേരുകളെല്ലാം പാടെ അവഗണിച്ചാണ് പി പി സുനീറിന്‍റെ സ്ഥാനാര്‍ത്ഥിത്വം. 

ദേശീയ നിര്‍വ്വാഹക സമിതി യോഗം നാളെ അവസാനിക്കും.

സിപിഐ സ്ഥാനാർഥിപ്പട്ടികയുടെ രാഷ്ട്രീയമെന്ത്? ന്യൂസ് എഡിറ്റർ ആർ അജയഘോഷ് പറയുന്നു:

click me!