എറണാകുളത്ത് ബിജെപി വോട്ട് മറിച്ചെന്ന് സിപിഐ; ആരോപണം പരാജയ ഭീതികൊണ്ടെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published May 9, 2019, 9:38 AM IST
Highlights

വോട്ടെല്ലാം പെട്ടിയിലായി.ഫലമറിയാനുള്ള കാത്തിരിപ്പാണ് എങ്ങും. കൂട്ടിയും കിഴിച്ചും ഒരേസമയം അങ്കലാപ്പിലും ആത്മവിശ്വാസത്തിലുമാണ് മുന്നണികൾ. ഇതിനിടെയാണ് എറണാകുളം മണ്ഡലത്തിലും ബിജെപി കോൺഗ്രസ്സിന് വോട്ട് മറിച്ചെന്ന ആരോപണം ഉയരുന്നത്. 

കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെല്ലാം പെട്ടിയിലായി. ഇനിയും തെരഞ്ഞെടുപ്പ് കഴിയാനുള്ള മണ്ഡലങ്ങളിലൊഴികേ ഫലമറിയാനുള്ള കാത്തിരിപ്പാണ് എങ്ങും. കൂട്ടിയും കിഴിച്ചും ഒരേസമയം അങ്കലാപ്പിലും ആത്മവിശ്വാസത്തിലുമാണ് മുന്നണികൾ. ഇതിനിടെയാണ് എറണാകുളം മണ്ഡലത്തിലും ബിജെപി കോൺഗ്രസ്സിന് വോട്ട് മറിച്ചെന്ന ആരോപണം ഉയരുന്നത്. 

മുഖ്യശത്രുവായ എൽഡിഎഫിനെ തോല്പിക്കാൻ ബിജെപി മണ്ഡലത്തിൽ പലയിടത്തും യുഡിഎഫിനായി വോട്ട് മറിച്ചെന്നാണ് സിപിഐയുടെ ആരോപണം. എറണാകുളം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ്സിന്  ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഐ. പറവൂരിലടക്കം ബിജെപിയ്ക്ക് ബൂത്ത് ഏജന്‍റ് ഉണ്ടാകാതിരുന്നത് വോട്ട് കച്ചവടധാരണയുടെ ഭാഗമായാണെന്നാണ് ആരോപണം.

എന്നാല്‍ എറണാകുളത്ത് ഹൈബി ഈഡൻ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിക്കുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. സിപിഐ വോട്ടുകൾ പലയിടത്തും പി രാജീവിന് ലഭിച്ചിട്ടില്ലെന്നും ഇത് മറച്ച് വയ്ക്കാനാണ് സിപിഐയുടെ ആരോപണമെന്നും വിഡി സതീശൻ എംഎൽഎ തിരിച്ചടിച്ചു.

പരാജയം മുന്നിൽ കണ്ടുള്ള ന്യായീകരണങ്ങളാണ് സിപിഐ നിരത്തുന്നതെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ മറുപടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ് മണ്ഡലത്തിൽ എൻഡിഎക്ക് ലഭിച്ചത്. ഇത്തവണ അത് വർദ്ധിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

click me!