സിപിഎം പൊലീസിനെ ഉപയോഗിച്ച് രാഘവനെ വേട്ടയാടുന്നു: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

By Web TeamFirst Published Apr 20, 2019, 10:47 AM IST
Highlights

പൊലീസിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും സ്ഥാനാർത്ഥികളെ തേജോവധം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കണ്ണൂർ: ഒളിക്യാമറാ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാത്ഥി എം കെ രാഘവനെതിരെ കേസെടുക്കണമെന്ന കണ്ണൂർ റേഞ്ച് ഐജിയുടെ റിപ്പോർട്ടിനെതിരെ രൂക്ഷ വിമശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണവ്യവഹാരങ്ങളെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്. പൊലീസിനെ ഉപയോഗിച്ചുകൊണ്ട് എം കെ രാഘവനെ അപകീർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള സിപിഎമ്മിന്‍റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. 

എം കെ രാഘവനെ വേട്ടയാടുന്ന പൊലീസ്, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർക്കെതിരെ  നടപടിയെടുക്കാൻ തയ്യറാകുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ ഡിജിപിക്ക് നേരിട്ട് നൽകിയ പരാതി പോലും പരിഗണിച്ചില്ല. അങ്ങേയറ്റം മോശമായ പരാമർശം നടത്തിയ എ വിജരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനർത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കെസെടുത്തതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പൊലീസിനെ ഉപയോഗിച്ചുകൊണ്ട് സിപിഎം എം കെ രാഘവനെ വേട്ടയാടുകയാണ്. വിവാദത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. എം കെ രാഘവനെ മോശക്കാരാനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും സ്ഥാനാർത്ഥികളെ തേജോവധം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എം കെ രാഘവനെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ വേണ്ടി വന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

click me!