തിരുവല്ലയിൽ കൊട്ടിക്കലാശത്തിനിടെ കല്ലേറ്; പൊലീസുകാരന് പരിക്ക്

By Web TeamFirst Published Apr 21, 2019, 5:26 PM IST
Highlights

കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ കല്ലേറ്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

തിരുവല്ല: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ കല്ലേറ്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കല്ലേറിനിടെ സിവിൽ പൊലീസ് ഓഫീസർ ഉണ്ണികൃഷ്ണന് പരിക്കേറ്റു.

കലാശക്കൊട്ടിന് പ്രചാരണ വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഇരുപക്ഷത്തേയും പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. പ്രവർത്തകർ വാഹനങ്ങളും തല്ലിത്തകർത്തു. തുടർന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചതോടെ പ്രവർത്തകർ പിരിഞ്ഞു പോയി

കൊട്ടിക്കലാശത്തിനിടെ വടകരയിലും പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം ഉടലെടുത്തു. കൊട്ടിക്കലാശത്തിനായി സംഘടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ കേന്ദ്ര സേന ഇരുവിഭാഗത്തിനും മധ്യത്തിൽ നിലയുറപ്പിച്ചു.

നേതാക്കൾ ഇടപെട്ട് ആവേശഭരിതരായ പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ സംഘർഷം വഷളായില്ല. നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവർത്തകർ മറികടന്നതാണ് സംഘർഷത്തിന് കാരണമായത്. നൂറുകണക്കിന് പ്രവർത്തകർ കൊട്ടിക്കലാശത്തിനായി ഇരുഭാഗത്തേക്കും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷം ഒഴിവാക്കാൻ കർശന സുരക്ഷയാണ് പൊലീസും കേന്ദ്രസേനയും വടകരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

click me!