Latest Videos

വയനാടിന് രണ്ട് കിലോമീറ്റർ അപ്പുറം എരുമാടിൽ കോൺഗ്രസ്, സിപിഎം പതാകകൾ ഒറ്റക്കെട്ടാണ്

By Web TeamFirst Published Apr 11, 2019, 11:09 AM IST
Highlights

എരുമാടിലെ യോഗവേദിയിൽ കേരളത്തില്‍ കാണാത്ത കാഴ്ചകള്‍ ആയിരുന്നു. സിപിഎമ്മിന്‍റേയും കോണ്‍ഗ്രസിന്‍റേയും കൊടികളൊന്നിച്ച് വേദിക്ക് മുമ്പിൽ കെട്ടിയിരിക്കുന്നു. ഒപ്പം ലീഗിന്‍റെ കൊടിയുമുണ്ട്. ബാനറില്‍ ചേര്‍ന്നിരിക്കുന്ന യെച്ചൂരിയും രാഹുലും സ്റ്റാലിനും മറ്റ് മുന്നണി നേതാക്കളും. 

നീലഗിരി: വയനാടന്‍ അതിര്‍ത്തിഗ്രാമങ്ങളായ ചുള്ളിയോട്ടും താളൂരും സിപിഎം പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയെ തോല്‍പിക്കാന്‍ കൊണ്ടുപിടിച്ച ഓട്ടത്തിലാണ്. കോണ്‍ഗ്രസുകാരും അതേ വീറും വാശിയിലും തന്നെ. വയനാട്ടില്‍ സിപിഎമ്മും കോണ്‍ഗ്രസും ബദ്ധശത്രുതയുമായി പൊരുതുമ്പോള്‍ മണ്ഡലാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ യെച്ചൂരിയുടെയും രാഹുലിന്‍റേയും ചിത്രമച്ചടിച്ച ബാനറുമായി ഇരുപാര്‍ട്ടികളും പൊതുസ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് പിടിക്കുകയാണ്.

വയനാട്ടിൽ നിന്ന് രണ്ട് കിലോ മീറ്റർ അപ്പുറമാണ് തമിഴ്നാട്ടിലെ നീലഗീരി മണ്ഡലത്തിൽ ഉള്‍പ്പെടുന്ന എരുമാട്. ഏഷ്യാനെറ്റ് വാർത്താസംഘം ഈ ചെറുടൗണിൽ എത്തുമ്പോൾ ഡിഎം കെ സ്ഥാനാര്‍‍ത്ഥി എ രാജയ്ക്ക് വോട്ടഭ്യര്‍ത്ഥിക്കുന്ന പ്രചാരണയോഗം തുടങ്ങുകയായിരുന്നു. സിപിഎം പ്രാദേശിക പ്രാദേശിക നേതാക്കൾ ആയിരുന്നു യോഗത്തിന്‍റെ സംഘാടകർ. സമ്മേളനത്തിലെ മുഖ്യപ്രാസംഗികൻ സിപിഎം കേന്ദ്രകമ്മറ്റിയംഗം എ കെ പദ്‍മനാഭന്‍ ആയിരുന്നു. 

യോഗവേദിയുടെ മുമ്പില്‍ കേരളത്തില്‍ കാണാത്ത കാഴ്ചകള്‍ ആയിരുന്നു. സിപിഎമ്മിന്‍റേയും കോണ്‍ഗ്രസിന്‍റേയും കൊടികളൊന്നിച്ച് വേദിക്ക് മുമ്പിൽ കെട്ടിയിരിക്കുന്നു. ഒപ്പം ലീഗിന്‍റെ കൊടിയുമുണ്ട്. ബാനറില്‍ ചേര്‍ന്നിരിക്കുന്ന യെച്ചൂരിയും രാഹുലും സ്റ്റാലിനും മറ്റ് മുന്നണി നേതാക്കളും. സ്വാഗത, അധ്യക്ഷ പ്രഭാഷകരായ സിപിഎം നേതാക്കള്‍ രാഹുലിനെക്കുറിച്ചോ കോണ്‍ഗ്രസിനെക്കുറിച്ചോ കാര്യമായൊന്നും പറയാതെയാണ് സംസാരിച്ചത്.

നീലഗിരി മണ്ഡലത്തിലെ എരുമാടിലെ  ജനാധിപത്യ പുരോഗമനമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗവേദി (ചിത്രം: അഭിലാഷ് രാമചന്ദ്രൻ)

പക്ഷേ പിന്നീട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ഷാജി കല്ലുങ്കല്‍ സഖ്യത്തെപ്പറ്റി തുറന്നുതന്നെ പറഞ്ഞു. "ചിലർക്കെല്ലാം അത്ഭുതമായിരിക്കാം ഈ വേദിയിൽ കൂട്ടിക്കെട്ടിയിരിക്കുന്ന കൊടികൾ. പരസ്പരം യോജിക്കാത്തവരുടേതാണോ എന്ന് ചോദിച്ചാൽ ഒരിക്കലുമല്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ ചില സംസ്ഥാനങ്ങളിൽ പ്രാദേശിക രാഷ്ട്രീയ സാഹചര്യമനുസരിച്ച് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരിക്കും. അതൊന്നും ചർച്ച ചെയ്യേണ്ട വേദിയല്ല ഇത്."

ഷാജി കല്ലിങ്കലിന്‍റെ വിശദീകരണത്തിന് ശേഷം ജനാധിപത്യ പുരോഗമനമുന്നണി നേതാക്കള്‍ തമിഴിലും മലയാളത്തിലും മാറി മാറി  എ രാജയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് സംസാരിച്ച സിപിഎം കേന്ദ്രകമ്മറ്റി അംഗം എ കെ പദ്‍മനാഭന്‍ പക്ഷെ കോണ്‍ഗ്രസ് നേതാവിനെപ്പോലെ ആയിരുന്നില്ല. അൽപ്പം കരുതലോടെയാണ് അദ്ദേഹം സംസാരിച്ചത്. ബിജെപി രാജ്യത്തെ നശിപ്പിക്കുന്നു എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചായിരുന്നു എ കെ പദ്‍മനാഭന്‍റെ തമിഴിലുള്ള പ്രസംഗം. ചുവരുണ്ടെങ്കിലേ ചിത്രം എഴുതാനാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബിജെപിക്ക് എതിരായി കോൺഗ്രസിനും ഡിഎംകെയ്ക്കും ഒപ്പം മുന്നണിയായി മത്സരിക്കുന്നതിൽ ജാള്യതയൊന്നും വേണ്ടെന്ന് സിപിഎം നേതാക്കൾ തമിഴ്‍നാട്ടിലെ അണികളോട് കൃത്യമായി വിശദീകരിക്കുന്നുമുണ്ട്.

click me!