Latest Videos

കേരള കോണ്‍ഗ്രസിന്‍റേത് മികച്ച സ്ഥാനാര്‍ത്ഥി; ജോസഫിനെ തള്ളി വി ഡി സതീശന്‍

By Web TeamFirst Published Mar 12, 2019, 12:18 PM IST
Highlights

നിലവിൽ കേരള കോൺഗ്രസിലുള്ളത് ആഭ്യന്തര പ്രശ്നം മാത്രമാണെന്നും സതീശന്‍ ദില്ലിയില്‍ പറ‌ഞ്ഞു. നിലവിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ആവശ്യമുണ്ടെന്ന് ഘടക കക്ഷികൾക്ക് തന്നെ അറിയാമെന്നും സതീശന്‍ വ്യക്തമാക്കി. 

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി മാണി - ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് നിര്‍ത്തുന്നത് മികച്ച സ്ഥാനാര്‍ത്ഥിയെ എന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. കേരള കോൺഗ്രസ്‌ ചർച്ച ചെയ്താണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. നിലവിൽ കേരള കോൺഗ്രസിലുള്ളത് ആഭ്യന്തര പ്രശ്നം മാത്രമാണെന്നും സതീശന്‍ ദില്ലിയില്‍ പറ‌ഞ്ഞു. നിലവിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ആവശ്യമുണ്ടെന്ന് ഘടക കക്ഷികൾക്ക് തന്നെ അറിയാമെന്നും സതീശന്‍ വ്യക്തമാക്കി. 

കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം മുന്നോട്ട് വച്ച വര്‍ക്കിംഗ് പ്രസിഡന്‍റ് പി ജെ ജോസഫിനെ വെട്ടിയാണ് മാണി, മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലെന്നാണ് പി ജെ ജോസഫ് തോമസ് ചാഴിക്കാടന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിച്ചത്. 

തന്നെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ കടുത്ത അമര്‍ഷമെന്ന് പി ജെ ജോസഫ് പ്രതികരിച്ചിരുന്നു. തങ്ങളുടെ അഭിപ്രായം അവഗണിച്ചാണ് തീരുമാനമെടുത്തത്. നിലവില്‍ ദില്ലിയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയെത്തിയാലുടന്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ ആലോചിക്കും. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ മോന്‍സ് ജോസഫ്, പി സി ജോര്‍ജ്, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ ജോസഫിനെ പിന്തുണച്ച് രംഗത്തെത്തി. നാണം കെട്ട് ഇനിയും കെ എം മാണിയുടെ കൂടെ തുടരണമോ എന്ന് പി ജെ ജോസഫ് ആലോചിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. പിജെ ജോസഫ് മുന്നണി വിട്ട് വന്നാൽ കൂടെ ചേർക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 
 

click me!