'വി പി സാനു പ്രതീക്ഷയാണ്'; ജസ്‍ല മാടശ്ശേരിയുടെ പോസ്റ്റിനെതിരെ സൈബര്‍ ആക്രമണം; പിന്നില്‍ മുസ്ലീം ലീഗെന്ന് ജസ്‍ല

By Web TeamFirst Published Mar 12, 2019, 8:11 AM IST
Highlights

വി പി സാനു പ്രതീക്ഷയാണ്. തോല്‍വിയോ വിജയമോ ആകട്ടെ. കാലങ്ങളായി മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന ലീഗുകാര്‍ക്ക് കുട പിടിക്കുന്നതിനെക്കാള്‍ സന്തോഷമാണ് സാനുവെന്നായിരുന്നു ജസ്‍ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിനെ അനുകൂലിച്ച്  ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്‍യു മുൻ വനിതാ നേതാവിനെതിരെ സൈബര്‍ ആക്രമണം. ഇതിന് പിന്നില്‍ മുസ്ലീം ലീഗാണെന്നാണ് ജസ്‍ല മാടശ്ശേരിയുടെ ആരോപണം.

സ്ത്രീ വിരുദ്ധത ഒരു പാർട്ടിയ്ക്ക് പറ്റിയതല്ലെന്നും തന്‍റെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നത് കഷ്ടമാണെന്ന് ജസ്‍ല മാടശേരി പറഞ്ഞു. അതേ സമയം പുതിയ വോട്ടർമാരുടെ പ്രതീക്ഷ താനാണെന്നും അവരുടെ സപ്പോർട്ടാ തനിയ്ക്കാണ് കിട്ടുന്നതെന്നറിയുമ്പോഴുള്ള മുസ്‍ലീം ലീഗിന്‍റെ ബുദ്ധിമുട്ടാണ് കമന്‍റുകളുടെ രൂപത്തിൽ വരുന്നതെന്നും വി പി സാനു പറഞ്ഞു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും ലീഗ് അത്തരം നിലവാരമില്ലാത്ത കാര്യങ്ങൾ ചെയ്യില്ലെന്നും മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു എ ലത്തീഫ് പറഞ്ഞു.

വി പി സാനു പ്രതീക്ഷയാണ്. തോല്‍വിയോ വിജയമോ ആകട്ടെ. കാലങ്ങളായി മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന ലീഗുകാര്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമാണ് സാനുവെന്നായിരുന്നു കെഎസ്‍യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന ജസ്‍ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച പോസ്റ്റ് ഇട്ടതിന് പിന്നാലെ കമന്‍റ് ബോക്സ് അശ്ലീലങ്ങള്‍ കൊണ്ട് നിറഞ്ഞു. ദ്വയാര്‍ത്ഥത്തിലുള്ള കളിയാക്കലുകളായിരുന്നു അധികവും. 

നേരത്തെ ഫ്ലാഷ് മോബില്‍ പങ്കെടുത്തപ്പോഴും സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനെ എതിര്‍ത്ത ഇസ്ലാം മത പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിയെ വിമര്‍‍ശിച്ചപ്പോഴും ജസ്‍ലയ്ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

click me!