ത്രിപുരയിലെ 'ദേശാഭിമാനി' ഇപ്പോഴും ബിപ്ലബ് ദേബ് സർക്കാരുമായി നിയമയുദ്ധത്തിലാണ്!

By Web TeamFirst Published Mar 29, 2019, 8:21 AM IST
Highlights

40 കൊല്ലമായി ത്രിപുരയുടെ ഇടത് രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നു 'ഡെയിലി ദേശേർ കഥ'. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി ഏയ്ഞ്ചൽ മേരി മാത്യുവും പ്രശാന്ത് ആൽബർട്ടും തയ്യാറാക്കിയ റിപ്പോർട്ടുകൾ. 

അഗർത്തല: 25 വർഷം തുടർച്ചയായി ഭരിച്ച ത്രിപുരയിൽ മുഖപത്രം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സിപിഎം. പത്രത്തിന്‍റെ രജിസ്‌ട്രേഷൻ റദ്ദാക്കിയ നടപടിക്കെതിരെ നിയമയുദ്ധത്തിലാണ് പാർട്ടി.

നാൽപ്പത് കൊല്ലമായി ത്രിപുരയുടെ ഇടത് രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നു ഡെയിലി ദേശേർ കഥ. പാർട്ടിയുടെ അഭിമാനചിഹ്നങ്ങളിൽ ഒന്ന്. പതിറ്റാണ്ടുകൾ നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം നേടിയപ്പോൾ ആദ്യം പിടിവീണത് ദേശേർ കഥയിൽ. റജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോർ ഇന്ത്യയുടെ വെബ്സൈറ്റിൽ നൽകിയ വിവരങ്ങളിൽ വൈരുധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടം ദേശേർ കഥയ്ക്ക് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. പിആർബി ചട്ടം ലംഘിച്ചന്നായിരുന്നു കണ്ടെത്തൽ. ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിൽ രാഷ്ട്രീയപ്രേരിതമായിരുന്നു നടപടിയെന്ന് പത്രാധിപർ സമീർ പൗൾ പറയുന്നു. 

''പത്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നൽകിയിരുന്നു. അതെല്ലാം നൽകിയിട്ടും നിയമനടപടി തുടർന്നു. ഒടുവിൽ പ്രസിദ്ധീകരണാനുമതി പോലും നിഷേധിച്ചു'', എന്ന് സമീർ പൗൾ. രേഖകൾ എല്ലാം ആർഎൻഐ പുതുക്കി നൽകിയിട്ടും ഒക്ടോബർ ഒന്നിന് അർദ്ധരാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ ജില്ലാ ഭരണകൂടം പ്രസിദ്ധീകരണാനുമതി വീണ്ടും നിഷേധിച്ചു. പിന്നെ ദേശേർ കഥയില്ലാതെ 10 ദിനം.

''പിന്നീട് നിയമപോരാട്ടമായിരുന്നു. ഒടുവിൽ അനുകൂലവിധി നേടി'', സമീർ പൗൾ പറയുന്നു. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടി വീണ്ടും പ്രസിദ്ധീരണം തുടങ്ങി. ബിപ്ലബ് കുമാർ സർക്കാർ എതിരാളികളെ നിശ്ശബ്ദമാക്കുന്നതിന് ദേശേർ കഥ ഉദാഹരണമെന്ന് പത്രാധിപർ. ''വാ മൂടിക്കെട്ടുന്ന ഫാസിസ്റ്റ് ഭരണത്തിന്‍റെ ഉദാഹരണമാണിത്.''

തലകുനിക്കാൻ ദേശേർ കഥയും തൊഴിലാളികളും തയ്യാറല്ല. പോരാട്ടം തുടരുമെന്ന് തന്നെ ഇവർ ഉറപ്പിച്ചു പറയുന്നു.

click me!