പ്രചാരണത്തിലെ മെല്ലെപ്പോക്ക്: തരൂർ തോറ്റാൽ പാർട്ടിയിലെ സ്ഥാനങ്ങൾ തെറിപ്പിക്കും, ജില്ലാ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി

By Web TeamFirst Published Apr 10, 2019, 7:47 AM IST
Highlights

മണ്ഡലത്തിന്റെ പലയിടത്തും സ്ക്വാഡുകൾ ഇതുവരെ എത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂർത്തിയായില്ല, വാഹനപര്യടനത്തിൽ ഏകോപനമില്ല തുടങ്ങി പരാതികൾ നിരവധിയാണ്. തരൂർ ക്യാമ്പ് പരാതിപ്പെട്ടതോടെയാണ് കെപിസിസി വാളെടുത്തത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂര്‍ തോറ്റാൽ കർശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കൾക്ക് കെപിസിസിയുടെ മുന്നറിയിപ്പ്.  പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് നേതൃത്വത്തിന്റെ ഇടപെടലിന്റെ കാരണം. രാജ്യം ശ്രദ്ധിക്കുന്ന ത്രികോണപ്പോര് നടക്കുമ്പോഴും തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തനം പോരെന്ന പരാതി വ്യാപകമാണ്. 

മണ്ഡലത്തിന്റെ പലയിടത്തും സ്ക്വാഡുകൾ ഇതുവരെ എത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂർത്തിയായില്ല, വാഹനപര്യടനത്തിൽ ഏകോപനമില്ല തുടങ്ങി പരാതികൾ നിരവധിയാണ്. തരൂർ ക്യാമ്പ് പരാതിപ്പെട്ടതോടെയാണ് കെപിസിസി വാളെടുത്തത്. തരൂർ തോറ്റാൽ പാർട്ടിയിലെ സ്ഥാനങ്ങൾ തെറിപ്പിക്കുമെന്ന്  ജില്ലയിൽ പ്രചാരണ ചുമതലയുള്ള നേതാക്കൾക്ക് കെപിസിസി നേതൃത്വം അന്ത്യശാസന നൽകിയെന്നാണ് സൂചന. പക്ഷെ തരൂർ പരസ്യമായി ഒരു പരാതിയും ഉന്നയിച്ചിട്ടില്ല.

എന്നാല്‍ ഒരു പരാതിയും ജില്ലാ നേതൃത്വത്തിന് കിട്ടിയില്ലെന്നാണ് ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ നല്‍കുന്ന വിശദീകരണം. ഫേസ്ബുക്കിലൂടെ ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് ചിലരുടെ മെല്ലെപ്പോക്ക് ചൂണ്ടിക്കാണിച്ചത് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കൊണ്ടാണെന്നും സതീഷിന് പുതിയ മണ്ഡലത്തിന്റെ ചുമതല നൽകിയെന്നും നെയ്യാറ്റിൻകര സനൽ പറഞ്ഞു. പ്രാദേശിക നേതാക്കള്‍ പ്രചാരണം ഉഷാറായില്ലെങ്കിൽ സ്വന്തം നിലക്ക് ഇവൻറ് മാനേജ്മെന്‍റ് ഗ്രൂപ്പുകളെ രംഗത്തിറക്കാന്‍ വരെ തരൂർ ക്യാമ്പ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

click me!