രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം; ലീഗിന്‍റെ ആശങ്ക സ്വാഭാവികമെന്ന് ചെന്നിത്തല

Published : Mar 30, 2019, 01:21 PM ISTUpdated : Mar 30, 2019, 02:06 PM IST
രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം; ലീഗിന്‍റെ ആശങ്ക സ്വാഭാവികമെന്ന് ചെന്നിത്തല

Synopsis

വയനാട്ടിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതോടെ എല്ലാ ആശങ്കയും അവസാനിക്കുമെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 ൽ 20 സീറ്റും തൂത്തുവാരുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനം വൈകുന്നതിൽ ലിഗിന്റെ ആശങ്ക സ്വാഭാവികമാണെന്ന്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ  അധികം വൈകാതെ തീരുമാനമുണ്ടാകും. അന്തിമ തീരുമാനം വരുന്നതോടെ എല്ലാ ആശങ്കയും അവസാനിക്കുമെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20 ൽ 20 സീറ്റും തൂത്തുവാരുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതില്‍ മുസ്ലീം ലീഗ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ മുസ്ലീം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര നേതൃയോഗം യോഗം ചേർന്നിരുന്നു.

വയനാട് മണ്ഡലത്തെ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് നേരിട്ട് സന്ദേശമയച്ചു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്ന് ഉടനെ തീരുമാനിക്കണമെന്നും വരുന്നില്ലെങ്കില്‍ ഉടന്‍ മറ്റൊരാളെ കണ്ടെത്തണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. 

വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത വന്ന് ഒരാഴ്ച പിന്നിട്ടിട്ടും  കേരളത്തിലേക്ക് എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതേവരെ ഒരു പ്രതികരണത്തിന് രാഹുൽ ഗാന്ധി തയ്യാറായിട്ടില്ല. വയനാടിനൊപ്പം വടകര സീറ്റിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകാത്തത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിയെന്ന നിലയിൽ കെ മുരളീധരൻ വടകരയിൽ പ്രചാരണ രംഗത്ത് സജീവമാണ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?