തൃശൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചു; വടക്കനെ ചൊടിപ്പിച്ചത് നേതൃത്വത്തിന്‍റെ അവഗണനയെന്ന് സൂചന

By Web TeamFirst Published Mar 14, 2019, 2:30 PM IST
Highlights

സ്ഥാനാർത്ഥിയാകണമെന്ന ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടും കോൺഗ്രസ് നേതൃത്വം ചെവി കൊണ്ടില്ല. ഏറ്റവും ഒടുവിൽ തൃശൂരിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടും സ്ഥാനാർത്ഥി പട്ടികയിൽ പോലും ഇടം നേടാനാകാത്തതാണ് ടോം വടക്കനെ ചൊടിപ്പിച്ചത് എന്നാണ് വിവരം 

ദില്ലി:  പാർട്ടിക്കകത്ത് ഏറെ കാലമായി ഉണ്ടായ അതൃപ്തിയാണ് ടോം വടക്കനെ കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ചതെന്ന് വിവരം. കേരളത്തിൽ മത്സരിക്കണമെന്ന താൽപര്യം പലതവണ പ്രകടിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വികാരമാണ് ടോം വടക്കന്‍റെ അതൃപ്തിക്ക് പിന്നിലെന്നാണ് സൂചന. അഖിലേന്ത്യാ വക്താവായി തുടരുമ്പോഴും കേരളത്തിൽ മത്സരിക്കണമെന്നായിരുന്നു എന്നും ടോം വടക്കന്‍റെ ആഗ്രഹം. 

ശശി തരൂർ കോണഗ്രസ് സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് വന്ന ആ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ മത്സര രംഗത്ത് എത്താൻ ടോം വടക്കൻ ആഗ്രഹം പ്രകടിപ്പിക്കുകയും ഒരിടയ്ക്ക് കോൺഗ്രസ് ദേശീയ നേതൃത്വം അത് പരിഗണിക്കുകയും ചെയ്തിരുന്നു. ശശി തരൂർ സ്ഥാനാർത്ഥിയെന്ന് അറിഞ്ഞപ്പോൾ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെന്ന നിലയിൽ വലിയ എതിർപ്പാണ് ആദ്യം കേരളത്തിൽ നിന്ന് ഉണ്ടായത്. എഐസിസി കെട്ടിയിറക്കുന്ന മറ്റൊരു സ്ഥാനാർത്ഥി കൂടി വേണ്ടെന്ന നിലപാടിൽ അതോടെ നേതൃത്വം എത്തിച്ചേരുകയും ടോം വടക്കന്‍റെ സാധ്യത മങ്ങുകയും ചെയ്തു. 

അടുത്ത തെര‍ഞ്ഞെടുപ്പിലും സ്ഥാനാ‍ത്ഥിയാകമെന്ന ടോം വടക്കന്‍റെ ആഗ്രഹത്തിന് ഹൈക്കമാന്‍റെ ചെവികൊടുത്തില്ല. തൃശൂരും ചാലക്കുടിയും വച്ച് മാറ്റമടക്കമുള്ള വിവാദങ്ങൾക്കും പരാതികൾക്കുമിടെ പേര് പരിഗണിക്കാൻ പോലും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. 
 

ഏറ്റവും ഒടുവിൽ വരുന്ന തെരഞ്ഞെടുപ്പിലും തൃശൂരിൽ മത്സരിക്കാൻ സന്നദ്ധനായി ടോം വടക്കൻ രംഗത്തുണ്ടായിരുന്നു. കേരളത്തിലെ നേതാക്കൾ സാധ്യത പട്ടിക തയ്യാറാക്കുകയും ഹൈക്കമാന്‍റ് സ്ക്രീനിംഗ് കമ്മിറ്റി സാധ്യതാ സ്ഥാനാ‍ത്ഥികളെ ചര്‍ച്ചക്കെടുക്കുകയും എല്ലാം ചെയ്തെങ്കിലും ഒരിക്കൽ പോലും ടോം വടക്കന്‍റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. 

കാലങ്ങളായുള്ള അവഗണനയുടെ കണക്ക് ഓ‍മ്മിപ്പിച്ചും കാര്യം കഴിഞ്ഞാൽ പുറംതള്ളുന്നതിലെ പ്രതിഷേധിച്ചും. വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുമ്പോൾ അക്ഷരാ‍‍‍ർത്ഥത്തിൽ ഞെട്ടുന്നത് ഗാന്ധി കുടുംബം കൂടിയാണ് 

click me!