സ്വയം വിരമിക്കൽ നടപടി വൈകുന്നു; ജേക്കബ് തോമസ് മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു

Published : Mar 30, 2019, 11:46 PM ISTUpdated : Mar 31, 2019, 12:12 AM IST
സ്വയം വിരമിക്കൽ നടപടി വൈകുന്നു; ജേക്കബ് തോമസ് മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു

Synopsis

സ്വയം വിരമിക്കൽ നടപടികൾ ഏപ്രിൽ നാലിന് മുമ്പ് പൂർത്തിയാക്കാൻ സാധ്യതയില്ല. പകരം സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി20 വൃത്തങ്ങള്‍ റിയിച്ചു. 

കൊച്ചി: ജേക്കബ് തോമസ് മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. സ്വയം വിരമിക്കൽ നടപടികൾ ഏപ്രിൽ നാലിന് മുമ്പ് പൂർത്തിയാക്കാൻ സാധ്യതയില്ല. പകരം സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി20 വൃത്തങ്ങള്‍ അറിയിച്ചു. അന്തിമ തീരുമാനത്തിനായി നാളെ വൈകീട്ട് ആലോചനായോഗം ചേരും. ചാലക്കുടിയിൽ ജേക്കബ് തോമസിനെ സ്വതന്ത്രനായി  മത്സരിപ്പിക്കാനായിരുന്നു ട്വന്‍റി20യുടെ നീക്കം.

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, അതും ഡിജിപി റാങ്കിലുള്ളയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസാണ്. എന്നാൽ 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. ജോലി രാജിവെച്ചാണിപ്പോൾ ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 

ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേട്ടമായിരുന്നു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാനനീക്കവും സർക്കാർ നടത്തി. എന്നാൽ ഇ പി ജയരാജന്‍റെ ബന്ധുനിയമനക്കേസിൽ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ ഇടത് സർക്കാരിന്‍റെ മുഖം കറുത്തു. ജേക്കബ് തോമസ് സർക്കാറിന് അനഭിമതനായി. 

ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെത്തുടരെ മൂന്ന് സസ്പെൻഷനുകൾ. ആദ്യ സസ്പെൻഷൻ ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്‍റെ പേരിൽ. രണ്ടാമത്തേത് അനുവാദമില്ലാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകമെഴുതിയതിന്. മൂന്നാമത്തേതാകട്ടെ, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്ന്. 

ജേക്കബ് തോമസിന്‍റെ ആദ്യ സസ്പെൻഷൻ കഴിഞ്ഞ വർഷം ഡിസംബർ 20 -നായിരുന്നു. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. സസ്പെൻഷൻ ഉത്തരവും അതിനുളള കാരണങ്ങളും കേന്ദ്രത്തെ സമയബന്ധമായി അറിയാക്കാത്തത് കൊണ്ടായിരുന്നു കേന്ദ്രസർക്കാർ‍ സസ്പെൻഷൻ അംഗീകരിക്കാതിരുന്നത്. ജേക്കബ് തോമസ് സർവ്വീസിലേക്ക് തിരിച്ചുവരാനിടയായപ്പോള്‍ സർക്കാരിന്‍റെ അനുവാദമില്ലാതെ പുസ്കമെഴുതിയതിന് വീണ്ടും ജേക്കബ് തോമസിനെ സസ്പെന്‍റ് ചെയ്തു. ഇടത് സർക്കാരുമായി ഇടഞ്ഞതുൾപ്പടെയുള്ള വിവാദവിഷയങ്ങൾ വിശദമായി എഴുതിയ പുസ്തകമായിരുന്നു ഇത്. 

സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്ന് 2017 ഡിസംബറിൽ ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ മൂന്നാമതും സസ്പെൻഡ് ചെയ്തു. പിന്നീട് സസ്പെൻഷൻ കാലാവധി സർക്കാർ തുടർച്ചയായി നീട്ടുകയായിരുന്നു. കിഴക്കമ്പലം പഞ്ചായത്തിൽ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്‍റി 20. പ്രാദേശിക തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഭരണം പിടിച്ചിട്ടുണ്ട്. . 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?