'വെല്ലുവിളികള്‍ സ്വീകരിക്കുന്നത് എന്റെ ശീലമാണ്'; കമല്‍നാഥിന് ദിഗ്വിജയ് സിങ്ങിന്റെ മറുപടി

By Web TeamFirst Published Mar 19, 2019, 10:39 AM IST
Highlights

വെല്ലുവിളികള്‍ സ്വീകരിക്കുന്നത് തന്റെ ശീലമാണെന്നും താനിപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാപ്തനാണെന്ന് ചിന്തിച്ചതില്‍ കമല്‍നാഥിനോട് നന്ദിയുണ്ടെന്നും ദിഗ്വിജയ് സിങ്ങിന്‍റെ പ്രതികരണം.
 

ഭോപ്പാല്‍: വിജയസാധ്യത ഏറ്റവും കുറഞ്ഞ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. വെല്ലുവിളികള്‍ സ്വീകരിക്കുന്നത് തന്റെ ശീലമാണെന്നും താനിപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാപ്തനാണെന്ന് ചിന്തിച്ചതില്‍ കമല്‍നാഥിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരമേറ്റെടുത്തത് മുതലാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. പരസ്പരമുള്ള വാക്‌പോര് പുതിയ തലത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. ദിഗ്വിജയ് സിങ്ങിന് മത്സരിക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ വിജയസാധ്യത കുറഞ്ഞ സീറ്റുകളിലൊന്നില്‍ മത്സരിക്കട്ടെ എന്നായിരുന്നു ശനിയാഴ്ച്ച കമല്‍നാഥ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ 30-35 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലാത്ത കുറച്ചു മണ്ഡലങ്ങള്‍ മധ്യപ്രദേശിലുണ്ടെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടി ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്യുകയായിരുന്നു. "വെല്ലുവിളികള്‍ സ്വീകരിക്കുന്നത് എന്റെ ശീലമാണ്. 1977ല്‍ ജനതാ പാര്‍ട്ടി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിലും രഘോഗാര്‍ഗില്‍ നിന്ന് ഞാന്‍ വിജയിച്ചിട്ടുണ്ട്. എന്റെ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനും ഞാന്‍ തയ്യാറാണ്." അദ്ദേഹം ട്വീറ്റ് ചെയ്തു.

ഭോപ്പാല്‍, ഇന്‍ഡോര്‍, വിദിഷ എന്നിവയാണ് മൂന്ന് പതിറ്റാണ്ടിനിടെ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങള്‍. ദിഗ്വിജയ് സിങ് മത്സരിക്കുന്നത് രാജ്ഗാര്‍ഗ് മണ്ഡലത്തില്‍ നിന്നായിരിക്കുമെന്നാണ് സൂചന. അദ്ദേഹം 1984ലും 1991ലും വിജയിച്ച മണ്ഡലമാണിത്. 


 

click me!