മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയെ ഇന്നറിയാം, സിപിഎം സെക്രട്ടേറിയറ്റും കെപിസിസി യോഗവും ഇന്ന്

By Web TeamFirst Published Sep 24, 2019, 11:41 AM IST
Highlights

മഞ്ചേശ്വരത്ത് ലീഗിന്‍റെ യുവസാന്നിധ്യമോ? അതോ പഴയ മുഖമോ? വട്ടിയൂർക്കാവിൽ 'മേയർ ബ്രോ' വരുമോ? എറണാകുളത്ത് സീറ്റിനായി കെ വി തോമസും ഹൈബി പക്ഷവും നടത്തുന്ന പിടിവലി എന്തായി?

തിരുവനന്തപുരം/മലപ്പുറം: പത്രികാസമർപ്പണത്തിന് ഇനി ആറ് ദിവസം മാത്രം ബാക്കി നിൽക്കേ, സ്ഥാനാർത്ഥി നിർണയത്തിനായി തിരക്കിട്ട ചർച്ചകളിലാണ് മുന്നണികൾ. പാണക്കാട്ട് കാസർകോട്ടെ ലീഗ് നേതാക്കളുടെ യോഗം നടക്കാനിരിക്കുകയാണ്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. കെപിസിസി ആസ്ഥാനത്ത് ഇന്ന് നേതാക്കളുടെ കൂടിക്കാഴ്ചയും നടക്കാനിരിക്കുകയാണ്. 

മഞ്ചേശ്വരത്ത് ലീഗിന്‍റെ യുവസാന്നിധ്യമോ?

ലീഗിന്‍റെ മഞ്ചേശ്വരത്തെ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളെയാണ് പാണക്കാട്ടെ കൊടപ്പനയ്ക്കൽ തറവാട്ടിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ജില്ലാ പ്രസിഡന്‍റ് എം സി കമറുദ്ദീന്‍റെ പേരാണ് നേതാക്കൾക്കിടയിൽ ഉയർന്ന് കേൾക്കുന്നത്. നിരവധിക്കാലം ലീഗിന്‍റെ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്ന എം സി കമറുദ്ദീന് മണ്ഡലത്തിൽ നല്ല സ്വാധീനമുണ്ട്. പലപ്പോഴും സ്ഥാനാർത്ഥി നിർണയത്തിൽ ആ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും മത്സരിക്കാൻ അവസരം കിട്ടിയിട്ടുമില്ല. ഇനിയെങ്കിലും കമറുദ്ദീനെ പരിഗണിച്ച് മുന്നോട്ടുപോകണമെന്ന് മുതിർന്ന നേതാക്കളിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. 

എന്നാൽ കന്നഡ ഭാഷാമേഖലയിൽ നല്ല സ്വാധീനമുള്ള, യുവത്വത്തിന്‍റെ പ്രാതിനിധ്യമായ യൂത്ത് ലീഗ് നേതാവ് എ കെ എം അഷ്റഫിനെ കളത്തിലിറക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. അങ്ങനെ വന്നാൽ ചെറിയ തർക്കം ഈ സ്ഥാനാർത്ഥി നിർണയത്തിൽ ഉടലെടുത്തേക്കാം. തർക്കം മൂത്ത്, സമവായമായില്ലെങ്കിൽ കാസർകോട്ടെ മുൻ എംഎൽഎ സി ടി അഹമ്മദലിയെ സമവായ സ്ഥാനാർത്ഥിയായി ഇറക്കാനാണ് സാധ്യത. മുമ്പ്, ഏഴ് തവണ കാസർകോട് മണ്ഡലത്തെ പ്രതിനിധീകരിച്ച മുതിർന്ന നേതാവാണ് സി ടി അഹമ്മദ് അലി. ഇപ്പോൾ കുറച്ചുകാലമായി രാഷ്ട്രീയരംഗത്തെ സജീവമല്ലെങ്കിലും. ദീർഘകാലത്തെ പരിചയം തന്നെയാണ് അഹമ്മദ് അലിയുടെ ഏറ്റവും വലിയ മുൻതൂക്കവും. 

വട്ടിയൂർക്കാവിൽ സിപിഎം ആരെ ഇറക്കും?

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഞ്ചിടങ്ങളിലെയും സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടതുണ്ട്. അഞ്ച് മണ്ഡലങ്ങളിലും സഖ്യകക്ഷികളെ ഇറക്കാതെ, അരിവാൾ ചുറ്റിക നക്ഷത്രത്തിൽത്തന്നെയാണ് സ്ഥാനാർത്ഥികളിറങ്ങുന്നത്. ഉറച്ച ജയപ്രതീക്ഷയുള്ള കോന്നിയും അരൂരുമടക്കം രണ്ട് സീറ്റുകളിലും മറ്റ് മൂന്ന് മണ്ഡലങ്ങളിലും കനത്ത മത്സരം കാഴ്ച വയ്ക്കാനാണ് സിപിഎം തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മറികടക്കേണ്ടതെങ്ങനെയെന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രൂപീകരിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് ഇടത് മുന്നണി യോഗം. 

ഇന്ന് സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയില്ല. നാളെ രാവിലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾക്ക് ശേഷം, നാളെ ഉച്ചയോടെയാകും സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനം. സെക്രട്ടേറിയറ്റിന് മുന്നോടിയായി മന്ത്രി ജി സുധാകരൻ നേതാക്കളെ കണ്ട് മടങ്ങിയിട്ടുണ്ട്. ഇപ്പോൾ എകെജി സെന്‍ററിൽ നടക്കുന്ന സെക്രട്ടേറിയറ്റിൽ എസ് രാമചന്ദ്രൻ പിള്ളയാണ് പൊളിറ്റ് ബ്യൂറോ പ്രതിനിധിയായി പങ്കെടുക്കുന്നത്. 

അരൂരും കോന്നിയും, സിപിഎം പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളാണ്. മറ്റ് മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കണമെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിലാണ് സിപിഎമ്മിന് പ്രധാനമായും ആശങ്കയുള്ളത്. ഇടത് അനുകൂലമല്ലാത്ത, നഗരവോട്ടർമാരുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇവിടെ യുവത്വത്തിന്‍റെ പ്രതീകമായ, മികച്ച ജനപിന്തുണയുള്ള ഒരു നേതാവിനെത്തന്നെ ഇറക്കണമെന്നാണ് സംസ്ഥാനനേതൃത്വത്തിന്‍റെ താത്പര്യം. മേയർ വി കെ പ്രശാന്തിന്‍റെ പേരിനോടാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആഭിമുഖ്യവും. 

എന്നാൽ ജില്ലാ നേതൃത്വവും തിരുവനന്തപുരത്തെ ശക്തനായ നേതാവ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ രണ്ട് തട്ടിലാണ്. പാർട്ടി ജില്ലാ കമ്മിറ്റിയ്ക്കും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും താത്പര്യം കരകൗശലവികസന സമിതി ചെയർമാൻ കെ എസ് സുനിൽകുമാറിനോടാണ്. ഡിവൈഎഫ്ഐ ജില്ലാ നേതാവാണ് കെ എസ് സുനിൽകുമാർ. വട്ടിയൂർക്കാവിൽ നല്ല ബന്ധങ്ങളുള്ള നേതാവുമാണ്. എന്നാൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുന്നോട്ട് വയ്ക്കുന്ന പേര് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധുവിന്‍റേതാണ്. 

സിപിഎമ്മിന് തിരികെപ്പിടിക്കാമെന്ന ശക്തമായ പ്രതീക്ഷയുള്ള മണ്ഡലമാണ് കോന്നി. മുമ്പ് സിപിഎമ്മിനൊപ്പം നിന്ന മണ്ഡലവുമാണ്. ഇവിടേക്ക് പാർട്ടി ജില്ലാ സെക്രട്ടറി സി കെ ഉദയഭാനു, കോന്നിയിൽ മുമ്പ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച എം എസ് രാജേന്ദ്രൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഈ പേരുകളാണ് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടേറിയറ്റിന് അയച്ചിരിക്കുന്നത്. 

അരൂരിൽ ഒരു പക്ഷേ അനായാസം സ്ഥാനാർത്ഥി നിർണം പൂർത്തിയായേക്കും. ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന പേര് മുൻ ജില്ലാ സെക്രട്ടറി സി വി ചന്ദ്രബാബുവിന്‍റേതാണ്. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ മനു സി പുളിക്കൻ, ചിത്തരഞ്ജൻ എന്നിവരുടെ പേരുകളും സജീവമായി ഉയർന്ന് കേൾക്കുന്നു. 

എറണാകുളത്തെ സ്ഥാനാർത്ഥി നിർണയവും ഇടത് മുന്നണിക്ക് മുന്നിൽ ഇത്തിരി കുഴപ്പം പിടിച്ചതാണ്. നഗര, കോൺഗ്രസ് അനുകൂലമണ്ഡലമാണ് എറണാകുളം. കാലങ്ങളായി കോൺഗ്രസ് ജയിച്ചു വരുന്ന മണ്ഡലം. ഇവിടേക്ക് എം അനിൽകുമാറിന്‍റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. ഹൈബി ഈഡനെതിരെ 2016-ൽ മത്സരിച്ച അനിൽ കുമാർ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. 

മഞ്ചേശ്വരത്ത് കന്നഡമേഖലയിൽ നല്ല സ്വാധീനമുള്ള ജയാനന്ദയുടെ പേരാണ് ഏറ്റവും സജീവമായി കേൾക്കുന്നത്. മുമ്പ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ച സി എച്ച് കുഞ്ഞമ്പുവിന്‍റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. 

കോൺഗ്രസിൽ പതിവുപോലെ സീറ്റ് മോഹികളുടെ ഉന്തുംതള്ളും

കോൺഗ്രസിൽ സ്ഥാനാ‍ർത്ഥി നിർണയത്തിൽ ഒരു സമവായവുമായിട്ടില്ല. പതിവുപോലെ എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥിത്വമോഹികളുടെ ഉന്തും തള്ളുമാണ്. എല്ലാവരും പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കാൻ റെഡിയാണ് എന്ന പ്രസ്താവന മാധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞ് നേതൃത്വത്തിന്‍റെ മുന്നിൽ നിൽപുണ്ട്. അത് തന്നെയാണ് നേതൃത്വത്തിന്‍റെ ഏറ്റവും വലിയ ആശയക്കുഴപ്പവും. മഞ്ചേശ്വരം ഉൾപ്പടെ മറ്റ് നാല് സീറ്റുകളിലും സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടതുണ്ട് കോൺഗ്രസിന്. അതുകൊണ്ട് തന്നെ, കെപിസിസി ആസ്ഥാനത്ത് അനൗദ്യോഗിക ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇവിടെയെത്തിക്കഴിഞ്ഞു.  

വട്ടിയൂർക്കാവിൽ കെ മുരളീധരന്‍റെ സഹോദരിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ, പീതാംബരക്കുറുപ്പ്, പി സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് സജീവമായി കേൾക്കുന്നത്. എന്നാൽ പത്മജയ്ക്ക് എതിരെ കെ മുരളീധരൻ എംപി തന്നെ രംഗത്തെത്തിയിട്ടുണ്ട്. കുടുംബവാഴ്ച വേണ്ടെന്നും തനിയ്ക്ക് വട്ടിയൂർക്കാവിൽ ഒരു നോമിനിയുമില്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്. എന്നാൽ പത്മജയാകട്ടെ താനാരോടും സീറ്റ് ചോദിച്ചിട്ടില്ലെന്നും സഹോദരന്‍റെ പ്രസ്താവനയ്ക്ക് പിന്നിലെന്തെന്ന് അറിയില്ലെന്നും തനിയ്ക്ക് സ്വന്തമായ വ്യക്തിത്വമുണ്ടെന്നും തിരിച്ചടിച്ചു. 

Read More: വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടെന്ന് മുരളീധരൻ: താൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്ന് പത്മജ

വട്ടിയൂർക്കാവ് - അരൂർ സീറ്റുകൾ എ - ഐ ഗ്രൂപ്പുകൾ തമ്മിൽ വച്ചു മാറുന്ന കാര്യം ആലോചിക്കുന്നുണ്ട്. പക്ഷേ, ഇതിനോട് ഐ ഗ്രൂപ്പിന് തീരെ യോജിപ്പില്ല. അരൂരിൽ ഉയർന്നുകേൾക്കുന്ന പേരുകൾ ഷാനിമോൾ ഉസ്മാൻ, എം ലിജു, എ എ ഷുക്കൂർ എന്നിവരുടേതാണ്. ഇവരെല്ലാം ഐ ഗ്രൂപ്പ് നേതാക്കളുമാണ്. എ ഗ്രൂപ്പിനാകട്ടെ ഇവിടെ കൃത്യമായി സ്ഥാനാർത്ഥികളെ ഉയർത്തിക്കാട്ടാനാകുമോ എന്നതും ചോദ്യമാണ്. ഈ രണ്ട് സീറ്റുകൾ വച്ച് മാറുന്നതിൽ സമവായമാകുമോ ഉടൻ എന്നതും ചോദ്യമാണ്. 

കോന്നിയിലാകട്ടെ, അടൂർ പ്രകാശ് മുന്നോട്ടുവച്ച റോബിൻ പീറ്ററിന്‍റെ പേരിനോട് പത്തനംതിട്ട ഡിസിസിയ്ക്ക് തന്നെ എതിർപ്പുണ്ട്. ഇവിടെ ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് പഴകുളം മധുവിന്‍റേതാണ്. 

എറണാകുളത്ത് സീറ്റിന് അവകാശവാദവുമായി കെ വി തോമസ് നേരിട്ട് ദില്ലിയിലെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കണ്ടിട്ടുമുണ്ട്. ലോക്സഭാ സീറ്റ് നിഷേധിച്ചപ്പോൾ തോമസ് വേണ്ടത്ര കലാപമുണ്ടാക്കിയതാണ്. ഇവിടെ സീറ്റ് നൽകിയേ തീരൂ എന്നൊരു സമ്മർദ്ദമുണ്ട് കോൺഗ്രസിന് മേൽ. ഇതിനെ വെട്ടാൻ ഹൈബി സജീവമായി രംഗത്തുണ്ട്. ലാലി വിൻസന്‍റ്, മുൻ മേയർ ടോണി ചമ്മണി എന്നിവരുടെ പേരുകളും സജീവമായി രംഗത്തുണ്ട്.

ഇതിന് പിന്നാലെ സാമുദായിക സമവാക്യങ്ങളും കോൺഗ്രസിന് പ്രശ്നമാണ്. കോന്നിയിലോ അരൂരിലോ ഒരു ഈഴവ സ്ഥാനാർത്ഥി വേണം. അത് ആര്, എങ്ങനെ എന്നതൊന്നും തീരുമാനമായിട്ടില്ല. എന്തായാലും ഇന്നോ നാളെയോ ആയി, എല്ലാറ്റിലുമൊരു സമവായമാകും എന്നതാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. 

click me!