എടിഎം ക്യൂവിൽ നിന്ന് മരിച്ചാൽ കുറ്റം നോട്ട് നിരോധനത്തിനാണോ: കുമ്മനം രാജശേഖരൻ

By Web TeamFirst Published Mar 30, 2019, 12:10 PM IST
Highlights

നോട്ട് നിരോധനത്തിന്റെ സമയത്ത് നൂറോളം പേർ മരിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന്, "ഉണ്ടാകും, ഉണ്ടായിരിക്കാം", എന്നായിരുന്നു മറുപടി

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ വീഴ്ചകളെ കുറിച്ച് പറയുമ്പോൾ ഉദാഹരണമായി കാണിക്കേണ്ടത് എടിഎം ക്യുവിൽ നിന്ന് മരിച്ചവരുടെ കണക്കാണോയെന്ന് കുമ്മനം രാജശേഖരൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ നേതാവ് ലൈവിൽ എന്ന പരിപാടിയിൽ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

നോട്ട് നിരോധനത്തിന്റെ നേട്ടങ്ങൾ ബിജെപി എന്തുകൊണ്ട് പ്രചാരണ വിഷയമാക്കുന്നില്ലെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. "നോട്ട് നിരോധനത്തെ കുറിച്ചും ജിഎസ്ടിയെ കുറിച്ചുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോൾ പ്രസംഗിക്കുമ്പോഴും പറയാറുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി ഇനത്തിൽ ഉണ്ടായിരിക്കുന്ന വൻവർദ്ധനവിനെ കുറിച്ച് ആരും പറയുന്നില്ല. ഇവിടെയുണ്ടായിരുന്ന പണം അക്കൗണ്ടഡായി എന്നതാണ്. അതിനകത്തെ ഏറ്റവും വലിയ നേട്ടം അതാണ്. ആ പണത്തിന്റെ നികുതി ലഭിക്കുന്നു. അതിലൂടെ നികുതി വരുമാനം വർദ്ധിച്ചു. നികുതി വരുമാനത്തിൽ വലിയൊരു കുതിപ്പുണ്ടായെന്നത് ഇവിടെ തമസ്കരിക്കുകയാണ്. ആ സമയത്ത് ക്യൂവിൽ നിന്ന് വെളളം കിട്ടാതെ തലകറങ്ങി വീണവരുടെ കണക്കാണ് പ്രചരിപ്പിക്കുന്നത്," കുമ്മനം കുറ്റപ്പെടുത്തി.

"എടിഎം ക്യുവിൽ നിന്നു തലകറങ്ങി വീണ് മരിച്ചാൽ നോട്ട് നിരോധനത്തെ കുറ്റം പറയാൻ പറ്റുമോ? ശബരിമലയിൽ ക്യു നിന്ന് മരിച്ചാൽ നമുക്ക് തീർത്ഥാടനത്തെ കുറ്റം പറയാൻ പറ്റുമോ? ആ സമയത്ത് എന്തോ ഒക്കെ സംഭവിച്ചിരിക്കുന്നുവെന്നല്ലാതെ... 

നോട്ട് നിരോധനത്തിന്റെ സമയത്ത് നൂറോളം പേർ മരിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന്, "ഉണ്ടാകും, ഉണ്ടായിരിക്കാം", എന്നായിരുന്നു മറുപടി. "എടിഎം ക്യുവിൽ നിന്നു തലകറങ്ങി വീണ് മരിച്ചാൽ നോട്ട് നിരോധനത്തെ കുറ്റം പറയാൻ പറ്റുമോ? ശബരിമലയിൽ ക്യു നിന്ന് മരിച്ചാൽ നമുക്ക് തീർത്ഥാടനത്തെ കുറ്റം പറയാൻ പറ്റുമോ? ആ സമയത്ത് എന്തോ ഒക്കെ സംഭവിച്ചിരിക്കുന്നുവെന്നല്ലാതെ.. ഡീമോണിറ്റൈസേഷന്റെ വീഴ്ചകളെ കുറിച്ച് സംസാരിക്കുമ്പോൾ ഇതൊക്കെയാണോ ഉദാഹരണമായി ചൂണ്ടിക്കാണിക്കേണ്ടത്? ക്യൂവിന് നീളം ഇത്രയുണ്ടായിരുന്നുവെന്നാണോ? ഇവിടുത്തെ സമ്പദ് ഘടനയിൽ അതുണ്ടാക്കിയ മാറ്റമെന്താണെന്നതാണ് വിശദീകരിക്കേണ്ടത്. സമ്പദ് ഘടന ശക്തമാക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഐഎംഎഫ് പറയുന്നത് ഭാരതം ഇന്ന് അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിട്ട് ഉയർന്നു. രണ്ട് വർഷം കൂടി കഴിഞ്ഞാൽ നാലാമത്തെതാകും. അൽപ സമയത്തിനുളളിൽ ചൈനയെ കവച്ച് വയ്ക്കുന്ന സാമ്പത്തിക ശക്തിയാവും എന്ന് പറയുന്നതിന്റെ കാരണം എന്താണ്?" എന്ന ചോദ്യത്തോടെയാണ് അദ്ദേഹം പറഞ്ഞുനിർത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കുമ്മനം രാജശേഖരൻ. നേരത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറാമിൽ ഗവർണറായി നിയമിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിന് വേണ്ടി അദ്ദേഹം ഗവർണർ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

click me!