കുടുംബവാഴ്ചയെ കൈവിട്ട് വോട്ടര്‍മാര്‍; തിരിച്ചടി നേരിട്ട് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍

By Web TeamFirst Published May 24, 2019, 7:37 AM IST
Highlights

തലമുറകളായി രാഷ്ട്രീയാധികാരം കയ്യാളുന്ന കുടുംബങ്ങളിലെ ഇളംതലമുറക്കാർ ഇത്തവണ പലയിടത്തും തോറ്റ് തുന്നംപാടി.  പിതാക്കന്മാരുടെ പാത പിന്തുടർന്നെത്തിയവരിൽ ചിലർ മാത്രമാണ് പിടിച്ച് നിന്നത്

ദില്ലി: രാഷ്ട്രീയ കക്ഷികളുടെ നേരിട്ടുള്ള കൊമ്പുകോർക്കലിനപ്പുറം മക്കൾ രാഷ്ട്രീയം ഏറെ ചർച്ചയായ ഒരു പൊതു തെരെഞ്ഞെടുപ്പിനാണ് തിരശീല വീണത്. പിതാക്കന്മാരുടെ പാത പിന്തുടർന്നെത്തിയവരിൽ ചിലർ മാത്രം വാണപ്പോൾ പലരും വീണുപോവുന്ന കാഴ്ച്ചയ്ക്കാണ് രാജ്യം സാക്ഷിയായത്. 

തലമുറകളായി രാഷ്ട്രീയാധികാരം കയ്യാളുന്ന കുടുംബങ്ങളിലെ ഇളംതലമുറക്കാർ ഇത്തവണ പലയിടത്തും തോറ്റ് തുന്നംപാടി. ഹരിയാനയിലെ ഹൂഡ കുടുംബത്തിൻറെ പരമ്പരാഗത മണ്ഡലമായ റോഹ്ത്തക്കിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദ്ര സിങ് ഹൂഡയുടെ മകൻ ദീപേന്ദർ ഹൂഡ പരാജയപ്പെട്ടത് മൂവായിരത്തോളം വോട്ടുകൾക്കാണ്. ഹരിയാനയിലെ തന്നെ മറ്റൊരു മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗട്ടാല ഹിസാർ മണ്ഡലത്തിൽ മത്സരിച്ച് തോറ്റു. 

സമാജ്‍വാദി പാർട്ടി നേതാവ് മുലായത്തിൻറെ മകൻ ധർമേന്ദ്ര യാദവ് ഒരു ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി സുമലതയോട് തോറ്റത് ഒന്നേകാൽ ലക്ഷം വോട്ടിനാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻറെ മകൾ കെ കവിത നിസാമാബാദിലും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻറെ മകൻ നര ലോകേഷ് മംഗലഗിരിയിലും തോറ്റു. 

എന്നാൽ ഈ വിപരീത തരംഗത്തിനിടയിലും വീഴാതെ പിടിച്ചു നിന്ന ഇളമുറക്കാരുമുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിൻറെ മകൻ കാർത്തി ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗയിൽ ജയിച്ചു. എൻസിപി അധ്യക്ഷൻ ശരത് പവാറിൻറെ മകൾ സുപ്രിയ സുലെയും അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജൻറെ മകൾ പൂനം മഹാജനും ജയിച്ചവരുടെ പട്ടികയിലുണ്ട്. കുടുംബവാഴ്ച്ചകളെ ജനം പൂർണമായും നിരാകരിക്കുന്നൊരു കാലം വിദൂരമല്ലെന്ന സൂചനയാണ് ഈ തെരെഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. 

click me!