റഫാലിനെക്കുറിച്ചുള്ള എന്‍ റാമിന്‍റെ പുസ്കത്തിന്‍റെ പ്രകാശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

By Web TeamFirst Published Apr 2, 2019, 5:32 PM IST
Highlights

'റഫാല്‍: ദി സ്കാം ദാറ്റ് റോക്കഡ് ദി നേഷന്‍'' എന്നാണ് പുസ്തകത്തിന് എന്‍ റാം നല്‍കിയിരിക്കുന്ന പേര്. ഒരു സ്കൂളില്‍ വച്ച് പുസ്തക പ്രകാശനം നടത്താനായിരുന്നു പ്രസാദകരായ ഭാരതി പബ്ലിഷേഴ്സ് നേരത്തെ തീരുമാനിച്ചിരുന്നത്

ദില്ലി: റഫാല്‍ ഇടപാട് സംബന്ധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാമിന്‍റെ പുസ്തകത്തിന്‍റെ പ്രകാശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനാല്‍ പുസ്തകം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് വ്യക്തമാക്കിയാണ് പ്രകാശനം തടഞ്ഞത്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട്  അന്വേഷണത്തിനൊടുവില്‍ എന്‍ റാം കണ്ടെത്തിയ വിവരങ്ങള്‍ അടങ്ങുന്ന പുസ്തകത്തിന്‍റെ പ്രകാശനം ഇന്ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ''റഫാല്‍: ദി സ്കാം ദാറ്റ് റോക്കഡ് ദി നേഷന്‍'' എന്നാണ് പുസ്തകത്തിന് എന്‍ റാം നല്‍കിയിരിക്കുന്ന പേര്. ഒരു സ്കൂളില്‍ വച്ച് പുസ്തക പ്രകാശനം നടത്താനായിരുന്നു പ്രസാദകരായ ഭാരതി പബ്ലിഷേഴ്സ് നേരത്തെ തീരുമാനിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതോടെ സ്കൂള്‍ അധികൃതരും അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രസാദകരുടെ ഓഫീസില്‍ പ്രകാശനം നടത്താനുള്ള ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലെെയിംഗ് സ്ക്വാഡ് എത്തി തടഞ്ഞു. പുസ്തക പ്രകാശനം നടത്തുന്നതിനായി കോടതിയെ സമീപിക്കാനാണ് പ്രസാദകരുടെ തീരുമാനം.

ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമെന്നാണ് പുസ്തക പ്രകാശനം തടഞ്ഞതിനെ കുറിച്ച് എന്‍ റാം പ്രതികരിച്ചത്. നേരത്തെ, എന്‍ റാം ദി ഹിന്ദു ദിനപത്രത്തിലൂടെ റഫാല്‍ സംബന്ധിക്കുന്ന ചില നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. 

click me!