തമിഴ്നാട്ടില്‍ മിന്നൽ പരിശോധന തുടരുന്നു; പുതുച്ചേരി മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ്

By Web TeamFirst Published Apr 17, 2019, 5:01 PM IST
Highlights

പുതുച്ചേരി മുഖ്യമന്ത്രിയുടെയും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുടെയും വസതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മിന്നൽ പരിശോധന. ഫ്ലയിങ്ങ് സ്ക്വാഡ് സംഘമാണ് പരിശോധന നടത്തുന്നത്.

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ, തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷണത്തില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് തുടരുന്നു. പുതുച്ചേരി മുന്‍മുഖ്യമന്ത്രി എന്‍ രംഗസ്വാമിയുടെ വസതിയില്‍ ഉള്‍പ്പടെ ഫ്ലയിങ്ങ് സ്ക്വാഡ് പരിശോധന നടത്തി. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുന്ന മുന്‍ അണ്ണാഡിഎംകെ എംഎല്‍എയുടെ വീഡിയോയും പുറത്ത് വന്നു.

കനിെമാഴി ഉള്‍പ്പടെ ഡിഎംകെ നേതാക്കളുടെ വസതിയിലെ പരിശോധനയ്ക്ക് പിന്നാലെയാണ് പുതുച്ചേരി മുന്‍മുഖ്യമന്ത്രി രംഗസ്വാമിയുടെ വസതയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിന്നല്‍ പരിശോധന നടത്തിയത്. അരമണിക്കൂറോളം നീണ്ട പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. നാരായണസ്വാമിയുടെ വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പരിശോധനയുടെ ഭാഗമായല്ലെന്നാണ് വിശദീകരണം.

അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ആണ്ടപ്പെട്ടിയിലെ ഓഫീസില്‍ നിന്ന് ഒന്നരകോടി രൂപയോളം കണ്ടെത്തി. വാര്‍ഡുകളുടെ പേര് എഴുതിയ കവറുകളില്‍ മുന്നൂറ് രൂപ വീതമായാണ് പണം സൂക്ഷിച്ചിരുന്നത്. നാല് പ്രവര്‍ത്തരെയും കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഒരു വോട്ടിന് അഞ്ഞൂറ് രൂപ വീതം നല്‍കണമെന്ന് വാണിയമ്പാടി മുന്‍ എംഎല്‍എ സമ്പത്ത് കുമാര്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. 

പ്രതിപക്ഷ നേതാക്കളുടെ ഓഫീസുകള്‍ മാത്രം കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും പ്രതികാര നടപടിയെന്നുമാണ് ഡിഎംകെയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പും ബിജെപിയുടെ കളിപ്പാവകളായെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കേ ആദായ നികുതി വകുപ്പ് പരിശോധന കേന്ദ്രസര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും തമ്മിലുള്ള പോരിലേക്ക് വഴിമാറിയിരിക്കുകയാണ്.

click me!