നമോ ടിവിയുടെ സംപ്രേഷണം; വാർത്താവിതരണ മന്ത്രാലയത്തോട് റിപ്പോർട്ട് ആരാഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Apr 3, 2019, 10:23 PM IST
Highlights

പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളും ബിജെപി നേതാക്കളുടെ അഭിമുഖങ്ങളും അടക്കം ബിജെപി അനുകൂല ഉള്ളടക്കമാണ് നമോ ടിവി സംപ്രേഷണം ചെയ്യുന്നത്. ഇത് കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടികൾ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി സംപ്രേഷണം ആരംഭിച്ച നമോ ടിവി എന്ന ചാനലിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ട് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. നമോ ടിവി എന്ന ചാനൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷന്‍റെ നടപടി. 

പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളും ബിജെപി നേതാക്കളുടെ അഭിമുഖങ്ങളും അടക്കം ബിജെപി അനുകൂല ഉള്ളടക്കമാണ് നമോ ടിവി സംപ്രേഷണം ചെയ്യുന്നത്. ഇത് കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടികൾ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോഗോ ആയി ഉപയോഗിക്കുന്ന നമോ ടിവി കാണണമെന്ന് ബിജെപിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സംഘം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നമോ ടിവിയുടെ ഉടമ ആരെന്നോ, ഇതിനുള്ള ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നോ ഉള്ള കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇതേ പേരിലുള്ള വെബ്‍സൈറ്റിന്‍റെ ഡൊമൈൻ നെയിം റജിസ്റ്റർ ചെയ്തിരിക്കുന്നതും അജ്ഞാതൻ എന്ന പേരിലാണ്. എന്നാൽ ബിജെപി ഇന്ത്യ എന്ന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് ചാനൽ തുടങ്ങുന്ന വിവരം ട്വീറ്റ് ചെയ്തത്.  

മാർച്ച് 31-നാണ് നമോ ടിവി സംപ്രേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷമാണ് ചാനൽ തുടങ്ങിയത് തന്നെ. മാർച്ച് 10-നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. അന്ന് മുതൽ തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തു. തുടർന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 

പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഐ&ബി  മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. നമോ ടിവി മുഴുവൻ സമയ ടെലിവിഷൻ ചാനൽ അല്ലെന്നും, നാപ്റ്റോൾ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്‍റെ നിലപാട്. നിലവിൽ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‍ഫോമുകളിലും നമോ ടി വി ലഭ്യമാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേം ഭി ചൗക്കിദാര്‍ എന്ന പരിപാടി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദൂരദര്‍ശനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഭാഷണം സംപ്രേഷണം ചെയ്യുകവഴി ബിജെപി ദൂരദര്‍ശനെ ദുരുപയോഗിച്ചതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.  

click me!