വോട്ടിന് പണം: തമിഴ്‍നാട്ടിൽ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി

Published : Apr 16, 2019, 07:46 PM ISTUpdated : Apr 16, 2019, 08:13 PM IST
വോട്ടിന് പണം: തമിഴ്‍നാട്ടിൽ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി

Synopsis

കണക്കിൽപ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതിയുടെ നടപടി. 

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കണക്കിൽപ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് ആദായനികുതി വകുപ്പ് റെയ്‍ഡുകളിൽ കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തമിഴ്‍നാട്ടിൽ പരസ്യപ്രചാരണം അവസാനിച്ച് മണിക്കൂറുകൾക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിറങ്ങിയത്. ഏപ്രിൽ 18-നാണ് തമിഴ്‍നാട്ടിൽ പോളിംഗ്.

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടി. തമിഴ്‍നാട്ടിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹൂവിന്‍റെ റിപ്പോർട്ട് കണക്കിലെടുത്ത് നിയമവൃത്തങ്ങളോട് ഇനി എന്തു വേണമെന്ന കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ചർച്ച നടത്തി. വലിയ രീതിയിൽ പണമൊഴുക്കിയതായി വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമോപദേശം ലഭിച്ചത്. 

ലോ‍ക്‍സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അതിൽ ഏതെങ്കിലുമൊരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായ അധികാരമില്ല. കൃത്യമായ റിപ്പോ‍ർട്ടുമായി രാഷ്ട്രപതിയ്ക്ക് ശുപാർശ സമർപ്പിക്കണം. വോട്ടെടുപ്പ് മാറ്റി വയ്ക്കുന്നതിൽ അന്തിമ തീരുമാനം രാഷ്ട്രപതിയുടേതാണ്. 

വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിന്‍റെ വസതിയിലും ഓഫീസിൽ നിന്നുമായി കണക്കിൽപ്പെടാത്ത 22 കോടിയോളം രൂപ നേരത്തെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഡിഎംകെ ട്രഷറർ ദുരൈ മുരുകന്‍റെ മകനാണ് കതിർ ആനന്ദ്.

ദുരൈമുരുകന്‍റെ അടുത്ത അനുയായിയായ പൂഞ്ചോലൈ ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള സിമന്‍റ് ഗോ‍ഡൗണില്‍ നിന്ന് 11.5 കോടി രൂപയുടെ പുതിയ നോട്ട് കെട്ടുകളാണ് ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ പിടിച്ചെടുത്തത്. ചാക്കിലും വലിയ കടലാസ് പെട്ടികളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ഓരോ കെട്ടിന് മുകളിലും മണ്ഡലവും ബൂത്തുകളുടെ പേരും എഴുതിയിരുന്നു. ഈ പണം വെല്ലൂരില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി എത്തിച്ചതാണെന്നാണ് ആരോപണം. 

എന്നാൽ അണ്ണാ ഡിഎംകെ കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് രാഷ്ട്രീയപകപോക്കൽ നടത്തുകയാണെന്ന് ആരോപിച്ചാകും ഡിഎംകെ ഇതിനെ എതിരിടുക. അടുത്ത ദിവസം നിശ്ശബ്ദപ്രചാരണമായതിനാൽ ഡിഎംകെ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ പരസ്യമായി പ്രതികരണം നടത്താനാകില്ല. പാർട്ടികളുടെ പ്രധാന, താര പ്രചാരകർക്കാർക്കും ഇതേക്കുറിച്ച് മാധ്യമങ്ങളിലൂടെപ്പോലും പ്രതികരിക്കാനുമാകില്ല.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?